മണ്ഡോദരി

മണ്ഡോദരി (ഒരു സ്വതന്ത്ര ആവിഷ്കരണം )

(രംഗം 1)

“മായയാണ് രാവണ മായ… ”

ആടിയുലയുന്ന അശോകവനിയാൽ ലങ്ക പ്രക്ഷുബ്ധമാണ്. മൃഗങ്ങൾ ഭയവിഹവലരായിരിക്കുന്നു. രാക്ഷസവൃന്ധം കാഹളങ്ങൾ മുഴക്കുന്നു. അരോചകം.. തോഴിമാർ അന്തപുര വാതിൽ കൊട്ടിയടച്ചു. മണ്ഡോദരി തന്റെ കൈയിലെ കൂവള ദളം ശിവന്റെ ശിരസ്സിൽ സമർപ്പിച്ചുകൊണ്ട് ധ്യാന ലീനയായി. രാജ്ഞി, എന്താണിവിടം പ്രക്ഷുബ്ധമാകുന്നത്? നിങ്ങൾ ധ്യാനിക്കയാണോ? മൗനയായതെന്തേ? തോഴിമാർ അപേക്ഷിച്ചു. മണ്ഡോദരി വെളുത്ത പുഷ്പങ്ങൾ കോർത്തിണക്കി മാല തീർത്തു.. പ്രകൃതി പ്രതികരിക്കയാണ് അഹസ്സേ.. അദ്ദേഹം സീതയുമായി കാനനത്തിൽ നിന്നും പുറപ്പെട്ടിരിക്കുന്നു. ജടായുവിന്റെ പക്ഷങ്ങൾ അരിഞ്ഞു വീണ നിണ കണികകൾ ഭൂമിയിൽ പതിച്ചിരിക്കുന്നു.. ഇനി യുദ്ധമാണ് ഫലം. അദ്ദേഹത്തിനറിയാം.. പ്രകൃതി പ്രതികരിക്കയാണ്. നിങ്ങൾക്ക് പകരക്കാരി വരുന്നു അല്ലെ രാജ്ഞി? ശരീരങ്ങൾ പലതുണ്ട് തോഴി ആത്മാവ് പത്നിയിലാണ്. മണ്ഡോദരി സൗമ്യമായി വെളുത്ത പുഷ്പങ്ങളുടെ മാല ശിവങ്കൽ സമർപ്പിച്ചു. തോഴിമാർ അടക്കം പറഞ്ഞു.. സീത അതീവ സുന്ദരിയാണത്രെ… അദ്ദേഹം മോഹിച്ചു അതാവാം…
മണ്ഡോദരി :അദ്ദേഹം ശ്രീ ജിതനാണ് സ്ത്രീ ചിതനല്ല.
തോഴി തിരുത്തി.. അല്ലെങ്കിലും പഞ്ച സ്ത്രീ രത്നത്തിൽ മണ്ഡോദരിയും ഉണ്ടല്ലോ.. അപ്പോൾ സൗന്ദര്യത്താൽ മോഹിതനാകുക…?????? മണ്ഡോദരി : അദ്ദേഹം എത്ര സംഗീതജ്ഞകൾ, നർത്തകികൾ, നിപുണകൾ എന്നിവരെ ലങ്കയിൽ കൊണ്ടുവന്നു? അവരെ പ്രാപിച്ചുവോ? ഇല്ല !!!!!!
എന്തുകൊണ്ട്? അദ്ദേഹം അവർക്ക് വളരാൻ ഇടം നൽകി.സദസ്സിൽ അവരുടെ കല പോഷിപ്പിച്ചു.കാരണം ശ്രീത്വമുള്ളതെല്ലാം ലങ്കയ്ക്ക് അലങ്കാരമാണ്.

രംഗം 2

അവരെ അശോകവനിയിൽ ആണ് പാർപ്പിച്ചിരിക്കുന്നത് മഹാറാണി…
അന്തപുരത്തിലേക്ക് അവർ വരില്ലത്രെ.. തോഴിമാർ സീത ലങ്കയിൽ പ്രവേശിച്ചതിൽ അക്ഷമ പ്രകടിപ്പിച്ചു. മണ്ഡോദരി സൗമ്യമായി ഉത്തരം നൽകി. “അവർക്ക് ആഹാര പാനീയങ്ങൾ നൽകുക.. പ്രാർത്ഥന സൗകര്യം ഒരുക്കി കൊടുക്കുക.
അവർ അവിടെ ഇരുന്നു കൊള്ളും” “ദേവി ലങ്ക ലക്ഷ്മിയെ മറികടന്നു രാജ്ഞി.. ”
സീത ലങ്ക അസുരവംശത്തിൽ നിന്നും പറിച്ചു നടും.വെറും കാഴ്ചക്കാരാകും നമ്മൾ.
മണ്ഡോദരി :രാവണൻ ഒരു വ്യക്തിയല്ല, ആഹ്വാനമാണ്.സീത കൺകെട്ട് വിദ്യ മാത്രം.

രംഗം 3

നമ്മുടെ പക്കലുള്ള രാക്ഷസവീര്യം നിലപോത്തുകയാണ്.. രാഷ്ട്രതന്ത്രജ്ഞർ ആകുലപ്പെടുന്നു. രാമസേതു കടന്നു രാമൻ ലങ്കയിൽ പ്രവേശിച്ചിരിക്കുന്നു. യുദ്ദം അനിവാര്യമാണ്. രാവണൻ അടുത്ത് നിന്ന തൊഴിയോടായി അന്വേഷണ ശരം തൊടുത്തു. മണ്ഡോദരി ശിവങ്കൽ നിന്നും എഴുനീറ്റുവോ? ഇല്ല.
മ്മ്… മറുവശത്തു രാമനെ സമാധാനിപ്പിക്കുവാനായി വിഭീഷണൻ ആശ്വാസ വചനങ്ങൾ ഓതുന്നു. “സീത സുരക്ഷിതയാണ്”.
രാമൻ സൗമ്യനായി പ്രതികരിച്ചു.അറിയാം, മണ്ഡോദരി ശിവങ്കൽ നിന്നും എഴുനീറ്റുവോ? ഇല്ല.
മ്മ്… വാനരവീൻമാർ ശങ്കിച്ചു. സീതയെ അല്ലെ വീണ്ടെടുക്കേണ്ടത്. ഇവിടെ മണ്ഡോദരിക്കെന്തു പ്രസക്തി???? രാമൻ നല്ല രാഷ്ട്ര തന്ത്രജ്ഞൻ ആണല്ലോ, സീത തന്റേതാണ് എന്നും.. തന്റെ പക്കലാണ് എന്നും ആജ്ഞാനു വർത്തി ആണ് എന്നും തന്റെതായി തീർന്നു എന്നും, രാമന്റെ വീര്യം സീത ചോർത്തും രാമനെ ഒറ്റുകൊടുത്തുകൊണ്ട് എന്നും.. യുദ്ദം അനിവാര്യമാക്കിയത് സീതയാണ് എന്നും രാക്ഷസവൃന്ധം പുലമ്പിയതിനോട് മന്ദഹസിച്ചു പുച്ഛിച്ചു തള്ളിയത് ഇരുവർ മാത്രം. മണ്ഡോദരിയും രാമനും. എന്തേ? രാമാനറിയാം സീത അഗ്നി പ്രവേശിക്കും വരേയ്ക്കും തന്റേത് മാത്രമാണ്. ലങ്ക സീത വെറും മായ സീത.. മണ്ഡോദരിക്കറിയാം ശ്രീ ജിതൻ രാവണൻ തന്റേതെന്ന്…രാവണനും സീതക്കും മണ്ഡോദരിക്കും ത്രികൊണക്കളി സീതയാൽ..എല്ലാം മായ..

രംഗം 4

ഒരു പതിവൃതയെ സംരക്ഷിക്കപ്പെടേണ്ടത് ഒരു രാജാവിന്റെയും ഭർത്താവിന്റെയും ഒരുപോലെ ഉള്ള കടമയാണ്. അതാണ് ഈ പോരാട്ടത്തിന്റെ പൊരുൾ.. വജസ് ദീർഘ നിശ്വാസം ശ്വസിച്ചു കൊണ്ട് വിഭീഷണനെ വീക്ഷിച്ചു. പാതിവൃത്യം സംരക്ഷിക്കപെടുകയാൽ മണ്ഡോദരിക്ക് മരണമില്ലായിരിക്കും അല്ലെ? അതൊരു ചോദ്യമാണ്???? പാതിവൃത മറുഭാഗത്തുമുണ്ടല്ലോ. യുദ്ധം തുടരുകയാണ് അഹോരാത്രം.. രാവണവധം സാധ്യമാകുവതെങ്ങിനെ? മഹാകാലനല്ലേ അദ്ദേഹത്തിൽ വസിക്കുന്നത്. മണ്ഡോദരി ധ്യാനലീനയായി ശിവനെ ഭജിക്കുന്നു. ആ സ്ത്രീ രത്‌നം ഒന്നു പതറട്ടെ.. പതറില്ല… എഴുന്നേൽക്കുകയുമില്ല.. എന്താണ് ഉപായം? ലക്ഷ്മണൻ ചിന്താകുലനായി. രാമൻ ഉച്ചത്തിൽ നാമം ഉച്ചരിച്ചു. “അതിമഹാരധി “(ഇന്ദ്രജിത് )
വിഭീഷണൻ മൗനമായി ശിരസ്സു കുനിച്ചു. തന്റെ പ്രിയ പുത്രൻ ഇന്ദ്രജിത് വധിക്കപ്പെടട്ടെ… മണ്ഡോദരി എഴുന്നേൽക്കും… രാജതന്ത്രം.. അമ്മ എന്നാ വികാരം ചൂഷിതം. മുഷ്ടി ചുരുട്ടി കൊണ്ട് രാജ പീഠത്തിൽ മർദിച്ചു രാവണൻ കോപാഗ്നി പടർത്തി ശക്തമായ കാൽവെയ്പ്പുകളോടെ നടന്നു വന്നുകൊണ്ട് അന്തപുരത്തിൽ പ്രാർത്ഥന പീഠത്തിൽ ഇരുന്നു. മരണം അനിവാര്യമാണ് പ്രിയേ.. നീ ആണെന്റെ വാക്കും പൊരുളും.. ലങ്കലക്ഷ്മിയും.. നീയേ.. എഴുന്നേറ്റാലും മാതെ.. മഹാദേവന്റെ തിരുമുൻപിൽ നിന്നും മൂന്ന് വിരൽ വിഭൂതിയിൽ മുങ്ങിത്താണു അദ്ദേഹത്തിന്റെ നെറ്റിയിൽ പതിച്ചു.. അജയ്യനെ… നിനക്ക് മരണമില്ല… നീ രാവണൻ.. നിനക്ക് ചുറ്റും രാമൻ സൃഷ്ടിക്കുന്നതെല്ലാം മായ…. ഞാൻ രാവണ പത്നി മണ്ഡോദരി ഇരു കാരങ്ങളാലും നിന്റെ രുദ്രവീണ താങ്ങുന്നു.. അജയ്യനായി നീ വാഴ്ത്തപ്പെടട്ടെ… 🙏

Advertisements

നിറം പിടിപ്പിക്കലുകൾ..

ചിലപ്പോൾ ഇ നിറം പിടിപ്പിക്കലുകൾ പുസ്തകങ്ങളെ വർണ മൈതാനികൾ ആക്കി തീർക്കുന്നു… നീണ്ട.. കുറുകിയ.. ഇടം വലം തിരിഞ്ഞ മഞ്ഞയും നീലയും റോസാപ്പൂവിന്റെ ചേലും ഒക്കെ കലർന്ന് അക്ഷരങ്ങൾക്ക് നൽകുന്ന പ്രണയ വർണങ്ങൾക്ക് എന്തൊരു ചേലാണ്.. ❤പ്രിയപ്പെട്ടതായി വരക്കാനായി മാത്രം കാത്തുവച്ച ഏതോ നിറക്കൂട്ടുകൾ നമ്മൾക്കിടയിൽ മന്ത്രിക്കും പോലെ… ചില സ്വകാര്യാതകളുടെ എത്തിനോക്കലുകൾ പോലെ… നിറങ്ങളിൽ അവ തെളിഞ്ഞു നിൽക്കും… പ്രിയ വരികൾ…

-കഥാവശേഷ

വിട പറയുക സൈഗാൾ…

വിട പറയുക സൈഗാൾ,
നിന്റെ വ്രണിത യൗവനത്തിൽ,
ഇനിയും പിറക്കാത്ത ചാപിള്ളകളാം ചുംബന പേമാരികളെ പേറ്റു നോവേറ്റു ചൊരിഞ്ഞോരീ ഇടവപ്പാതിക്കു കാത്തിരിപ്പാണീ ഭ്രാന്തിയുടെ ചങ്ങലകൾ… കിലുങ്ങിയും ചിണുങ്ങിയും ഓട്ടു പദസരത്തിന്റെ ക്ലാവ് പിടിപ്പിച്ച
ബന്ധന കണ്ണികളിൽ,
മോഹ വൃണങ്ങളുടെ പഴുപ്പിൽ,
ഓർമ പുരട്ടിയ ഒരു നുള്ള് കണ്ണീർ ഉപ്പു നീറ്റുന്ന ജലകണികകൾ തൻ ഓർമപ്പെടുത്തൽ… /
നീ വെറും രുധിര വാഹിയാം ഇര /
വിലപ്പെട്ട ഇര. /
അഹല്യ.. /
/
/
-കഥാവശേഷ

Clear light of the day 📝പുസ്തക പരിചയം.

1980 ൽ പ്രശസ്ത എഴുത്തുകാരി അനിത ദേശായി രചിച്ച “clear light of day ” മനോഹരമായ രചനാപാടവത്തിലൂടെ തികച്ചു യുക്തി പൂർവമായ ചരിത്ര പശ്ചാത്തലത്തിൽ രചിച്ച നോവൽ ആണ്. Train to pakistan എന്ന khushwanth singh ന്റെ കൃതി വായിക്കുന്നതോടൊപ്പം അല്ലെങ്കിൽ വായിച്ച ശേഷം വായിക്കുക ആണെങ്കിൽ മികച്ച വായനാനുഭവം ആയിരിക്കും. ബുക്കർ പ്രൈസ് നായി പലതവണ അവസാന ഘട്ടം വരെയും പോയ അനിത ദേശായിയുടെ കൃതികളിൽ ഒന്നു കൂടി ആണിത്. പഴയ ഡൽഹിയുടെ പശ്ചാത്തലത്തിൽ താര എന്നാ സ്ത്രീ കഥാപാത്രത്തെ മുൻനിർത്തി അവരുടെ പഴയകാല ഓർമകളിലാണ് കൃതി സഞ്ചരിക്കുന്നത്. കുടുംബത്തിന്റെ പ്രാധാന്യം, സഹജീവികളോടുള്ള ക്ഷമ,സഹാനുഭൂതി എന്ന മൂല്യങ്ങൾ, ബാല്യത്തിന്റെ വസന്തം, ആധൂനിക കാലഘട്ടത്തിൽ കുടുംബത്തിൽ സ്ത്രീക്കുള്ള സ്ഥാനം എന്നിവ വിശദമായി ഇ കൃതി ചർച്ച ചെയ്യുന്നു. ഏതാണ്ട് ആത്മകഥ സ്പർശമുള്ള ഇ കൃതിയിൽ ഇന്ത്യ പാക് വിഭജനത്തിൽ കുടുംബങ്ങൾ നേരിട്ട അസ്ഥിരതയും വിദ്യാഭ്യാസം, സംഗീതം എന്നിവക്ക് ഉള്ള സാമൂഹിക പ്രാധാന്യം എന്നിവയേ കുറിച്ചു എടുത്തു

പറയത്തക്കതായി സൂചനകൾ ഉണ്ട്. ഇ കൃതി വായിച്ചപ്പോൾ 12 വ്യത്യസ്ത ഘട്ടങ്ങളിലായി രചയിതാവ് ചേർത്ത പ്രശസ്ത കവികളുടെ കവിതകൾ ഇ കൃതിയുടെ രചനമൂല്യം മെച്ചപ്പെടുത്തിയതായി തോന്നി. ഇതിന്റെ അവതാരിക “കാമില ഷംസി “യുടേതാണ്. Vintage books ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 350 rs ആണ് വില. പല മികച്ച മുഖചിത്രത്തോടെയുമാണ് ഓരോ എഡിഷനുകളും പുറത്തിറക്കിയിട്ടുള്ളത്. 80 കളിൽ ഫിക്ഷൻ സാഹിത്യത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട കൃതി കൂടിയാണിത്. #anithadesai #clearlightoftheday #englishfiction #vintagebooks #randomhouse

ശുനകപുരാണം (2)

നാം നമ്മുടെ പരിമിതികളെ മറികടക്കുന്നതിന് ഏറ്റവും സുതാര്യവും സാർത്ഥകവുമായ സംവേദന മാദ്ധ്യമങ്ങളിൽ ഒന്നാണ് സഞ്ചാരം .അവിടങ്ങളിൽ ഒന്നിലാണ് ശുനക പുരാണം കണ്ടെടുക്കുന്നത് .പ്രീണിപ്പിക്കുന്ന വേർപാടുകളുടെ പേറ്റുനോവുകളുടെ തീച്ചൂളകളിൽ കനലെരിയുന്ന മസ്തിഷ്ക മാപിനികളെ തൊട്ടുണർത്തുന്ന തിരിച്ചറിവുകളുടെ പതിനെട്ടാം പെരുക്കം നിഴലിച്ചു വാക്കുകൾ എന്നോട് ക്ഷമിക്കുക .ജീവന്റെ ഉന്മത്ത തീരങ്ങളിൽ നേരിടുന്ന അനാഥത്വം ശുനകനും മനുഷ്യപുഴുവിനും ഒരേപോലെ നീതി ശാസ്ത്രം ജനിക്കുന്ന സ്ഫടിക തലങ്ങൾ വാക്കുകളാൽ മണ്ണിൽ ശരവർഷം ജനിക്കേണ്ടിയിരിക്കുന്നു .എന്റെ വിശ്വാസമാണെന്റെ ദൈവം എന്ന മുറവിളികളിലെവിടെയോ പാഴറ്റു വേരിറങ്ങിയ ജീവി ഭ്രഷ്ടുകളുടെ കഥ പറയാൻ അവളുമൊരിടം നൽകി .
ചിന്ത ,ചിന്ത സുബ്രഹ്മണ്യം ഒരു ശുനകന്റെ കണ്ണിൽ നീ ആരാണ്? നിനക്കാരായി തീർക്കാനാകും എന്നതിനേക്കാൾ നീ ശുനകനോളം വളരുകയാണെങ്കിൽ നിന്നിൽ ലോകം എന്തായി വളരും ? അനാഥത്വം മുറിപ്പാടുകൾ ആണെങ്കിൽ നേർകാഴ്ച ജീവിതത്തിനു മുതൽകൂട്ടാക്കാൻ അത് പഠിപ്പിക്കുന്ന തന്ത്രമാണ് സഞ്ചാരം .

(((((ചിന്ത എന്നാ പെൺ സ്വത്വത്തെ സ്നേഹപൂർവ്വം സമർപ്പിക്കുന്നു… എഴുത്തിനു വാക്ക് തന്ന ആംബക്കും സ്നേഹം തന്നു കൈയിൽ പിടിച്ചു എഴുതിപ്പിച്ച ഗുരുപാരമ്പരക്കും… തളരാതെ തങ്ങി നിർത്തിയ സുമനസ്സുകൾക്കും നന്ദി

ഈ കഥ ഞാൻ ഒരിക്കൽ എഴുതിയതാണ് …അത് വീണ്ടും മാറ്റി എഴുതിയപ്പോൾ എഴുത്തിന്റെ മറ്റൊരു ആസ്വാദനതലം ലഭ്യമായി.നന്ദി))))

 

പണ്ട് പണ്ട് ഒരിടത്തു ചിന്ത എന്നൊരുവൾ പാണ്ട്യ മഹാനഗരിയിൽ ജീവിച്ചിരുന്നു. അവൾക്കും ശുനകനും തമ്മിൽ ആത്മ സംവേദനം നടത്തുവാനായി അനാഥത്വം എന്നാ ജീവിതപിഴ ചുമത്തി സന്യാസ മാർഗം സൃഷ്ഠിച്ചുകൊണ്ട് മഹാകാലൻ ചിന്തയെ രുദ്രപ്രയാഗിലേക്ക് നാട് കടത്തി … അപ്പോൾ ഇ നാട്ടുരാജ്യമേതാണ്? “രുദ്രപ്രയാഗ് “.മഹാഭാരത കാലം മുതൽ വ്യാസ മഹാമുനിവര്യൻ ഭാരത ഭൂഖണ്ഡത്തെ കാണ്ഡങ്ങളായി പരിച്ഛേദിച്ചതിൽ ഉത്തരകാണ്ഡത്തിലെ ഒരു ചെറു പ്രദേശമാണ് രുദ്രപ്രയാഗ്. അനാഥത്വത്തെ പേറുന്നവരെ എന്തിനാണ് മഹാകാലാ ആ നാട്ടുരാജ്യത്തിലേക്ക് പറഞ്ഞു വിടുന്നത്? അനാഥത്വം എന്നാൽ പിതാവിന്റെയോ മാതാവിന്റെയോ മരണം മാത്രമല്ലല്ലോ ജീവിത കർമ കാണ്ഡത്തിലെ എല്ലാ ഭാണ്ഡക്കെട്ടുകളും അതിൽ ഉൾകൊള്ളിക്കാവുന്ന അനാ-നാഥത്വം ആണ് അത്. നീ ഉൾകൊണ്ട് ആവാഹിച്ച മച്ചിലോട്ട് ഭഗവതിയേയും, കൊണ്ടിരുത്തിയ പരദേവതകളെയും ഭൂമിതൊട്ടു പാതാളത്തിലേക്കാഴ്ത്തിയിറക്കാൻ പ്രാപ്തിയുള്ള ആത്മാവിന്റെ വേദനകളിൽ വേർപാടിനാൽ പുരട്ടിയ ഒരു നുള്ള് കണ്ണുനീരുപ്പിന്റെ കറ നൽകിയ ഗുരുനാഥന്റെയോ സഹോദരങ്ങളുടെയോ സുഹൃത്തിന്റെയോ പ്രണയത്തിന്റെയോ പേരായ നാഥത്വം നിന്നിൽ നിന്നും കാലം കൊണ്ടുപോയതിന്റെ അസ്ഥിപഞ്ജരം പെറുക്കാൻ പതിനാറാം പക്കം ബാക്കിവച്ച ഒരു തുള്ളി ജലം അളകനന്ദയുടെ കൈകുമ്പിളിലാണുള്ളത്… ശരപഞ്ജരത്തിൽ ശയിച്ച പിതാമഹന് ഭൂമി യുടെ മാറിടം ചുരത്തി ജീവജലം നൽകിയ മണ്ണാണിത്… അളകനന്ദ അവൾ ഒഴുകട്ടെ…

മുപ്പത് വൈരാഗികൾ, ഋഷിവര്യകൾ, ഭക്തിയിൽ മോക്ഷം ലക്ഷ്യം കൊണ്ട അമ്മാളു,അങ്ങിനെ പല ജന്മങ്ങൾ വാഹനത്തിൽ. ചിന്ത ആ കൂട്ടത്തിൽ നിന്നൊഴിഞ്ഞു തന്റെ ഭാണ്ഡ കെട്ടിൽ മുഖം ചേർത്തൊന്നു മയങ്ങി… രാഘവേന്ദ്ര അവളുടെ മുടിയിഴകളിൽ തഴുകി കൊണ്ട് ചുവന്ന കമ്പിളി തുണിയാൽ അവളുടെ നെറുക മറച്ചു..മയങ്ങിക്കോളൂ.. “അനായാസേന മരണം
വിനാ ദൈത്യേന ജീവിതം
ദേഹിമേ കൃപയാ ശംഭോ
അനന്തത ത്വ സന്നിധൗ “

(അനായാസമായ മരണം, ദുരിതമില്ലാത്ത ജീവിതം
നൽകിയാലും ശംബൗ )
അങ്ങയുടെ സന്നിധിയിൽ ഇതാ
അവൾ മയക്കത്തിലേക്ക്…

ചിന്താ…. എന്നാ പാട്ടി…. ആ അഗ്രഹാരപടികളിൽ ചൂട് ട്ടിക്കേഷൻ കാപ്പിക്കിടയിൽ ദിനതന്തി പത്രത്തിലെ അക്ഷരങ്ങൾ പുഞ്ചിരിച്ചു .
കനിമൊഴിയാൽ കറുക്കുന്ന മൈലാഞ്ചികളെക്കാൾ ആഢ്യത്വത്തിൽ ആചാരങ്ങളാൽ ചുവക്കുന്ന മൈലാഞ്ചികൈകളിൽ നൂൽ തിരിതെളിച്ചു കൊണ്ട് പാട്ടി പറഞ്ഞു.. “ചിന്ത… എന്നോട് ചമത്തു കുളന്തയ് നീ.. നാമ നായെ എല്ലാം വളർത്തപ്പടാത്. അത് അപശകുനം. നിന്റെ സ്കൂളിലെ കുട്ടികൾ വീട്ടിൽ വളർത്തുന്നുണ്ടാകാം.. പക്ഷെ നമ്മൾ വളർത്തില്ല. നമ്മൾ പശുവിനെ വളർത്തും. ഗോമാതാ… കാമദേനു… ” പാട്ടി കാൽ നീട്ടി തിണ്ണയിലിരുന്നു മുറ്റത്തെ മായാത്ത കോലത്തിലെക്ക് നോക്കി… നമ്മൾ എന്തുകൊണ്ടാണ് പാട്ടി നായകളെ വളർത്താത്തത്? നായകൾ എങ്ങിനെ ആണ് അപശകുനം ആകുന്നത്? എവിടെ ആണ് നായകൾ അപശകുനം ആണ് എന്ന് പറഞ്ഞിട്ടുള്ളത്? പെൺകുട്ടികൾ ഇങ്ങനെ ചോദ്യങ്ങൾ ചോദിക്കരുത്. നമ്മുടെ പൂർവികന്മാർ പറഞ്ഞിട്ടുണ്ട് നായകൾ അപശകുനം ആണ് എന്ന്. അതെയോ? ചിന്ത ചിന്താകുലയായി തിണ്ണയിൽ കിടന്നു മുറ്റത്തെ വേപ്പ് മരത്തിൽ കിളികൾ കായ്കൾ കൊത്തി തിന്നുന്നത് നോക്കി ആലോചിച്ചു… ഒരു ജീവി മനുഷ്യനാൽ ശകുനവും അപശകുനവുമാകുന്നു എന്നു മനസ്സിലാക്കേണ്ടതാണ് ചിന്ത നീ… അതിൽ കൂടുതൽ ചിന്തിക്കേണ്ട. കാലമെത്ര കടന്നുപോയിട്ടും ചിന്തയുടെ ചിന്താമണ്ഡലത്തിന്റെ എതിർ ദിശയിൽ ആ ശുനക ശാസ്ത്രം വളർന്നില്ല… അവിടെ ആ മയക്കത്തിന്റെ ആഴങ്ങളിൽ ആരവങ്ങൾ പതിയെ കണ്ണുകളിലെ ഈറനെ തലോടി… പദയാത്രികർ കല്ലും മുള്ളും കായ്കനികളെയും താണ്ടി രുദ്രന്റെ പ്രയാഗ സ്ഥാനിയിൽ പ്രയാണത്തിലേക്ക് നീങ്ങുന്നു.. ബസിന്റെ ജാലകം അല്പം നീക്കി അവൾ ഭാണ്ടകെട്ടിനോട് ചേർന്നു കിടന്നു കൊണ്ട് ആകാശത്തെ നോക്കി.. “കാശം ” രുദ്ര നീ ആ കാശമായി എന്നിൽ വളർന്നാലും… എന്നാൽ എനിക്ക് തന്നെ ആകാശം സൃഷ്ഠിച്ചാലും… (തുടരും ) *കാശം എന്നാൽ കാണാൻ സാധിക്കുന്ന വിസ്തൃതവും വിശാലവും ആയ ഒന്ന്. (മനുസ്‌മൃതി, ശതപാതഭ്രാഹ്മണ )രുദ്രപ്രയാഗിന്റെ നേർത്ത മണിനാദങ്ങളാൽ അലയടിച്ച വായുവിന്റെ കിളികൊഞ്ചലുകളെ തഴുകി ഉണർത്തിയ അളകനന്ദയോട് അവൾ പുലർകാല കുളിർ കടം കൊണ്ടു… അവിടം
വലിയൊരു പ്രളയത്തെ നേരിട്ടിട്ട് ഏതാനും വർഷങ്ങളെ ആയിട്ടുള്ളു… മലകളിൽ നിന്നും കുത്തിയൊലിച്ചു വരുന്ന ജലപ്രവാഹം ഗുഹാവാസി സ്വയംഭൂലിംഗത്തെ ഒഴികെ മറ്റെല്ലാത്തിനേയും കൊണ്ടുപോയി… ഉത്തരാഖണ്ഡ് സംസ്ഥാനം അതിന്റെ എല്ലാ ശക്തിയും ഊർജവും നൽകി രുദ്രപ്രയാഗ് എന്നാ ക്ഷേത്ര ഭൂമിയെ വീണ്ടെടുത്തു. ഉത്തര കാശിയിലേക്കും ഋഷികേശ് ലേക്കുമായി വന്ന അവളുടെ സഹയാത്രികർ തിരക്കിലാണ് സ്വയംഭൂ ലിങ്കത്തിലേക്കുള്ള പ്രാർത്ഥന മണികൾ മുഴങ്ങി കേൾക്കുന്നു…
മണി 4 അടിച്ചു.. ഘടികാര ധ്വനി ദൂരെ നിന്നും കേൾക്കുന്നത് ശിവാനന്ദാശ്രമത്തിലെ പ്രഭാത യോഗാഭ്യാസനത്തിന്റെതാണ്. രാഘവേന്ദ്ര അങ്ങ് എത്തിക്കാണും. അവൾ ദീപധ്യാനത്തിലേക്ക് ആത്മാവിനെ സമർപ്പിച്ചുകൊണ്ട് ദണ്ഡ നമസ്കാരം ചെയ്തു. അളകനന്ദയോട് ചേർന്നു ആ യോഗാഭ്യാസന കേന്ദത്തിലേക്ക് നടക്കുമ്പോൾ ഒരേ സമയം ശാന്ത സ്വരൂപിണിയും രൗദ്രയുമായ അളക അവളോട് പുഞ്ചിരിച്ചു.. ഇതാണ് പെണ്മ.. മണിക്കൂറുകളോളം കുലംകുത്തി ഒഴുകിയ അളകനന്ദയെ നോക്കി ആ പാറപ്പുറത്ത് അവൾ നിന്നു. തണുപ്പരിച്ചിറങ്ങുന്ന കോടമൂടിയ മലനിരകൾ നോക്കി ചൊല്ലി.. *”ചരത്ത് വിഹഗ മാലിനി സാഗര വംശ മുക്തി പ്രധാ,മുനിംദാ വരാ നന്ദിനി, ദിവി മാതാ ചാ മതാകിനി, സാധാ ദുരിത നാശിനി, വിമല വാരി സന്ദർശന,പ്രണാമ ഗുണ കീർത്തനദിഷു, ജഗത്സു സാമ്രാജ തെ “
-കൽക്കി പുരാണ (ഭാഗം 34)
ഉറ്റതോഴി രേഖ അവളോടൊപ്പം അളകയോട് മൗനമായി സംവദിച്ചു… ചില തോഴികൾ അങ്ങിനെ ആണ്.. ആത്മാവ് പോലെ… പ്രകൃതി പോലെ… നദിപോലെ… മൗനമായി സംവദിക്കും.. ചിന്ത തന്റെ കലങ്ങിയ കണ്ണുകൾ ചുവന്ന കമ്പിളി വസ്ത്രത്തിനു അനുയോജ്യമാക്കി രേഖയുടെ തോളിൽ ചഞ്ഞു.. “ശക്തിയായ കാറ്റടിക്കുന്നുണ്ട്… അളകനന്ദ നദി രൂക്ഷമാണ്… നമുക്ക് മടങ്ങാം ചിന്ത…” വേണ്ട നമുക്ക് കുറച്ചു കൂടെ ഇരിക്കാം… ഇ നദിയുടെ ഒഴുക്ക് ഭയാനകമാണോ നിനക്ക്? അല്ല.. അവൾ ചിന്തയുടെ ഒട്ടിയ, വിളർത്ത കവിളിൽ തലോടി..നീ എന്തിനാണ് എന്നേ ഇത്ര വർഷങ്ങൾക്ക് ശേഷം ഇ യാത്രക്ക് ക്ഷണിച്ചത് ചിന്ത…? പല അർത്ഥത്തിലും നിന്നിലുള്ള പരിവർത്തനത്തെ എനിക്കുൾക്കൊള്ളാനാകുന്നില്ലെങ്കിലും നിന്നെ ഞാൻ അന്നും ഇന്നും നിസ്വാർത്ഥമായി സ്നേഹിച്ചിട്ടേയുള്ളു തോഴി.
ചിന്ത സൗമ്യമായി ചിരിച്ചു കൊണ്ട് രുദ്രാക്ഷമണികളെ രേഖയുടെ വിരലുകളിൽ കോർത്തു പിടിപ്പിച്ചു. നിനക്കിപ്പോൾ ഇവിടെ അനുഭവപ്പെടുന്ന ശാന്തതയെ നിർ വചിക്കാമോ തോഴി? ഓടുകയല്ലേ ചിന്ത ഞാൻ… ജോലി ജീവിതം, വീട്, കുട്ടികൾ, ഭർത്താവ്, സമ്പാദ്യം… അവിടെ നിന്നെല്ലാം ഒഴിഞ്ഞു പ്രകൃതിയോട് സംവദിക്കുവാൻ നീ എനിക്കൊരവസം തന്നു.. അത്രയേ ഞാൻ കരുതുന്നുള്ളു… അമ്മാളു പിൻവിളിയാൽ അവരുടെ സംഭാഷണത്തിന് അതിരു തീർത്തു. അവൾ ചിന്തയുടെ നെറ്റിയിൽ ഒരു നുള്ള് ഭസ്മം പതിപ്പിച്ചു… ശിവോഹം…ചിന്ത ചുവന്ന മേൽവസ്ത്രം വായുവിൽ വീശിച്ചിട്ടികൊണ്ട് പടികളിൽ നിന്നെഴുന്നേറ്റു… ഇനി ദൂരമൊരുപാട് താണ്ടുവാനുണ്ട്..
ഒരുപാട്… അർദ്ധനാരീശ്വരനെ പോലെ ഇരുനിറങ്ങളിൽ ഇരച്ചുകയറുന്ന നദികൾ, തണുപ്പിൽ പേശികളെ മുറുക്കുമാറ് അളകാനന്ദയും മന്ദാകിനിയും മോഹിപ്പിക്കുന്നു.. ശിവാനന്ദാശ്രമം അല്പം അകലെയാണ്. അടുത്തൊരിടത്ത് ചായക്കട ഉണ്ട്. മൊബൈലിനു റേഞ്ച് അന്വേഷിച്ചു ഒരു വാരമകലെ നടന്നകലുന്ന രേഖയെ ചിന്ത തന്റെ രുദ്രാക്ഷം വലയം ചെയ്ത കൈകളാൽ വീശി കാണിച്ചു…
ലൗകികം.. മകൾ ഭക്ഷണം കഴിച്ചുവോ എന്നറിയണം അവൾക്ക്…എനിക്കൂഹിക്കാം. “മടങ്ങുക വിഹായസ്സിന്റെ മായാവീചികളിൽ നിന്നും രുദ്രന്റെ ജലസമൃദ്ധിയിലേക്ക് പ്രിയേ… “
ചിന്ത ഉറക്കെ വിളിച്ചു പറയുന്നത് കേട്ടു അമ്മാളു ചിരിച്ചു.
അക്ക…
നീ സന്യാസി ആക പോറിയ?

സം ന്യാസം…. അറിവാണ്, യജ്ഞമാണ്.. അതിനായിട്ടില്ല അമ്മാളു.. ഞാൻ…

അപ്പറം എന്നാ ഇന്ത വേഷം? ചുവന്ന കണ്ണുകളിൽ മഷിപടർപ്പില്ലാതെ കലുഷമായി കലങ്ങിയിരിക്കുന്നുവെങ്കിൽ അതിൽ ശാന്തതയുടെ ആഴക്കടൽ അലയടിക്കുന്നു.. നീ പുടവ കട്ടറിയ?
അലങ്കാരം പണ്റിയ?
എതുവുമേ കിടയാത്‌? ആന നീ സന്യാസിയും കിടയാത്… അപ്പൊറം നീ യാര്? അങ്ങിനെയും ചില ജന്മങ്ങൾ മുദ്രകളില്ലാതെ ഇ ലോകത്ത് അലയുന്നുണ്ട് അമ്മാളു.. രാഘവേന്ദ്രയെ പോലെ എന്നെപോലെ.. മുദ്രയില്ലാജന്മങ്ങൾ… ഞങ്ങൾക്കൊരു നാഥനെ ഉള്ളു.. രുദ്രൻ.
സന്യാസിക്കുന്നവർ കാഷായം ധരിക്കണമെന്നോ, ഇഹലോകത്തിലെ ലയവിന്യാസങ്ങളോട് സംവേദിക്കാരുതെന്നോ ഞങ്ങൾക്കില്ല. ലൗകികത്തിൽ നിലനിന്നുകൊണ്ട് തന്നെ സന്യാസത്തിന്റെ അഘോരിത്വം രുദ്രനിലേക്ക് പകർന്നാടാൻ ഞങ്ങൾ അഭ്യസിക്കയാണ്.. ശിവാനന്ദാശ്രമത്തോടടുക്കുമ്പോൾ വഴിയരികിൽ കടത്തിണ്ണയിൽ ചുമരിനോട് ചേർന്നുറങ്ങുന്ന ശുനകന്മാരിലേക്ക് അവൾ കണ്ണയച്ചു. അവൾ അമ്മാളുവിന്റെ തോളിൽ കൈയിട്ടു കൊണ്ട് റോഡനു കുറുകെ നടന്നു… നമ്മ മാതിരി ശാപ്പാടെല്ലാം ഇങ്കെ കിടയാത്‌, അമ്മാളു തന്റെ സാരീ തോളിലൂടെ വലയം ചെയ്തു. നിനക്ക് തണുക്കുന്നുണ്ടോ? ചിന്ത തന്റെ ചുവന്ന കമ്പിളി അങ്കവസ്ത്രം അവൾക്കു പുതക്കാൻ നൽകി. എങ്ക അമ്മ സെല്ലും… നീ റൊമ്പ അഴകി, ചമത്ത്…നിന്നെ കണ്ടു പഠിക്കാൻ… അമ്മാളു ചിന്തയുടെ ചെറുവിരൽ കോർത്തു പിടിച്ചു അവളുടെ വിരലുകളിൽ ആ നാഗ മുഖം ഉരസി.. വിഷമം, വിഷമയം ലോകം… ചെറുവിരലിൽ തളച്ചിട്ടവൾ ചിന്ത… ജീവിതത്തിൽ വിജയിച്ചവർക്കാണ് ആ വിശേഷണം ഒക്കെ ചേരുക… അമ്മാളു.. വിജയം ആപേക്ഷികമാണ് പക്ഷെ… നീങ്ക അപചാരമായിട്ടേൾ ന്ന്‌… രേഖ അമ്മാളുവിന്റെ ശ്രദ്ധ തിരിക്കുവാനായി അവളെ കണ്ണാടിചില്ലുകൂട്ടിലെ സമൂസയിലേക്കും പാനിപൂരിയിലേക്കും ക്ഷണിച്ചു… പാദരക്ഷകൾ ഇടാത്ത വിള്ളൽ വീണ പാദങ്ങൾ ആ കൽപാതയിൽ ഉറപ്പിച്ചു വച്ചു ചടുലമായി ചിന്ത നടന്നു. രേഖ … നിനക്കറിയുമോ? അമ്മാളു അവളെ നോക്കി പതിഞ്ഞ സ്വരത്തിൽ പറഞ്ഞു തുടങ്ങി…ഇവൾ ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി യിൽ സംസ്‌കൃതം പഠിക്കുവാൻ വന്നപ്പോൾ ഞങ്ങൾക്ക് അഭിമാനം ആയിരുന്നു… ഞങ്ങളുടെ കുടുംബത്തിൽ ഇത്രമേൽ വിദ്യാസമ്പന്നയായ സ്ത്രീ ഇവൾ മാത്രമാണ്.. ഞങ്ങളുടെ ഗ്രാമത്തിനു പുറത്ത് വായനശാലയിലേക്ക് പോലും ഞങ്ങളെ പോകുവാൻ അനുവദിക്കാത്ത ആചാര ചിട്ടവട്ടങ്ങളുടെ യാഥാസ്ഥികത ഇക്കാലത്തും ഞങ്ങളെ വലയം ചെയ്തിടത്താണ് അവൾ പരിമിതികളുടെ ചക്രവ്യൂഹത്തെ ഭേദിച്ചു വരാണസിയിലേക്ക് വരുന്നത്. പിന്നീട് ബിരുദാനന്തര ബിരുധമടക്കം സംസ്കൃത പണ്ഡിറ്റ്‌ യോഗ്യത നേടി… കാലം മാറ്റിമറിച്ച അക്ഷരത്തെറ്റിന്റെ മായ്‌ച്ചെഴുത്തുകളിൽ വന്ന പിഴവാണോ, അതോ കുടുംബത്തിന് വന്ന അധഃപതനമോ… ഞങ്ങൾക്കീ ഗതി വന്നു… രേഖ ദൂരെക്ക് നോക്കി നെടുവീർപ്പിട്ടുകൊണ്ട് അവൾക്ക് നേരെ കുപ്പിവെള്ളം നീട്ടി.. വിദ്യാഭ്യാസ കാലഘട്ടത്തിലെ രാഘവേന്ദ്രയുമായുള്ള സൗഹൃദമാണ് ഇവളെ ഇ നിലയിലേക്കെത്തിച്ചത്… അയാൾ മന്ത്രവാദി ആണോ രേഖെ? രേഖ ചിരിച്ചുകൊണ്ട് അമ്മാളുവിനെ നിഷ്കളങ്കമായി നോക്കി. “ഈശ്വരൻ പ്രകൃതി ശക്തികളാൽ വിഭജിക്കപ്പെട്ടു കിടക്കുന്നു… ആത്മത്വത്തിലേക്കുള്ള പ്രയാണമാണ് സത്യം..” ഞാൻ അത് സ്വീകരിക്കയാണ് എന്നാണ് അവൾ അവസാനമായി വരുമ്പോൾ പറഞ്ഞത്… അഘോരികളുയർത്തുന്ന പുകചുരുളിന്റെ ആദ്യന്തമില്ലാത്ത അസഹ്യ ഗന്ധത്തിലേക്കു ചേർന്നു മൃഗ വിസർജ്യത്താലും മനുഷ്യ ഉച്ഛിഷ്ടങ്ങളാലും മലീമസമായ ആ മണ്ണിൽ കാലുകൾ പിണച്ചു വച്ചുകൊണ്ടവൾ ഭൂമിയിൽ ഉപവിഷ്ടയായിരിക്കുന്നു… ബാബാമാരോട് സംവദിക്കയാണ് അവരുടെ ഭാഷയിൽ അവരുടെ രുദ്രനോട്… അമ്മാളു അവളെ നോക്കി കൊണ്ട് പറഞ്ഞു… രേഖെ… ഇതു നമുക്കൊന്നും അറിയാത്ത ലോകം ആയിരിക്കാം അല്ലെ…? അതെ.. രേഖ ശരിവച്ചു.. എല്ലാവർക്കും അവരവരുടേതായ ശരിയാണല്ലോ അമ്മാളു. എനിക്കറിയുന്ന ചിന്ത ധാരാളം പരിമിതിയുള്ള… തനിക്കായി താൻ സൃഷ്ട്ടിച്ച വിശ്വാസങ്ങളുടെ സാമൂഹിക പരിലാള ന ങ്ങളിൽ തൃപ്തയായിരുന്നു… മാറ്റം മാറ്റത്തിനു വഴി തെളിച്ചൊരു സ്വത്വ ബോധം എന്നാണ് ഇവളിൽ ജനിച്ചിരിക്കുക…? അന്ന് ഞാൻ അവളോടൊപ്പം ഉണ്ടായിരുന്നില്ല. ഇന്ന് വീണ്ടും അവൾക്കൊരു സാരഥിയായി.. എന്നേ മഹാകാലൻ നിയോഗിച്ചിരിക്കുന്നു. ഭയവിഹവലതകളുടെ ചാവേറുകളായി അഭയം തേടുന്ന ഭക്തിയുടെ പെരുമ്പറകൾക്ക് കേദാർനാഥന്റെ മണിമുഴക്കങ്ങളോട് സമവായം വരുത്തുവാൻ ഞങ്ങൾ പാടുപെടുമ്പോൾ… നിസ്വാർത്ഥ, നിരാലംബ യായ അമ്മ ദൈവ സങ്കല്പം ആമ്പ ഇതാ രുദ്രനോട് മനുഷ്യപ്പുഴുവായി… അമ്മാളു… നിനക്കറിയുമോ ചിന്ത ഹോസ്റ്റൽ മുറിയിൽ പല്ലികളെ കണ്ടാൽ ഭയക്കുമായിരുന്നു.. നിലവിളിച്ചു പുറത്തേക്കോടിവന്നു പരിഹാസ്യയായ എത്രയോ സന്ദർഭങ്ങൾ ഞങ്ങളുടെ നർമരസമായ എഴുത്തുകളിൽ ഉണ്ട്…

ഭയം ഒരു തോന്നലാണ് അല്ലെ അമ്മാളു… എനിക്കിന്നലെ അവൾ അഘോരികളാൽ ചുറ്റപ്പെട്ട ആ രുദ്രപ്രയാഗിന്റെ പടികളിൽ അവൾ രാഘവേന്ദ്രയുടെ വളർത്തു സർപ്പത്തിന്റെ കൂട കൈയിൽ പിടിച്ചു നിന്നുകൊണ്ട് സ്നാനാനന്തരം യോഗ ചെയ്യുന്ന അദ്ദേഹത്തിനായി കാത്തു നില്കുന്നത് കണ്ടപ്പോൾ അവളോടുള്ള പരിഹാസംപോയ്മറഞ്ഞു…വിഷമില്ല ഭയക്കേണ്ട പിടിച്ചോളൂ… എന്ന് പറഞ്ഞപ്പോൾ അത് തല ഉയർത്തി അധികാര ഭാവത്തിൽ അവളുടെ കൈയിൽ ഇണക്കത്തോടെ ചുറ്റി. ഭയം എന്റെ ഉള്ളിൽ ആളി.. എങ്ങോ മേഘങ്ങൾ മറച്ച പൂർണചന്ദ്രനെപോലെ ഓർമ്മകൾ ഞങ്ങൾക്കിടയിൽ ഡമരു മുഴക്കുന്നു… ഉരഗങ്ങൾ, ശുനകൻ അങ്ങിനെ പലതിനോടും എന്തുകൊണ്ടെന്നില്ലാത്ത അവളുടെ അകൽച്ച എപ്പോഴും എനിക്ക് അവളെ ശുണ്ഠി പിടിപ്പിക്കുവാനുള്ള ഉപാധിയാണ്. ഇന്നവൾ അവയോടെല്ലാം സംവദിക്കുന്നു… മഹാകാലൻ സകല ചരാചരങ്ങളോടും സമചിത്തത പാലിച്ചിരുന്നുവല്ലോ… അദ്ദേഹം ഉരഗങ്ങളെയും ശുനകനെയും കാളയെയും എല്ലാമാണല്ലോ സന്തത സഹചാരികൾ ആക്കിയത് മണ്ണിൽ ചവിട്ടി നിന്ന ആണ്മ ശിവൻ.
ശിവാനന്ദാശ്രമം അല്പം അകലെയാണ്… ചിന്ത ദൂരേക്ക് വിരൽ ചൂണ്ടി കാണിച്ചു കൊണ്ട് ചടുലമായി അടുത്തുള്ള മര
ബെഞ്ചിലേക്ക് പാദങ്ങൾ അടക്കി വച്ചുകൊണ്ട് ഇരുന്നു. ബെഞ്ചിന്റെ അങ്ങേ അറ്റത്തെ ഇളക്കത്തിൽ ഒന്നു കുലുങ്ങി…
വീഴുമോ? ഏയ് ഇല്ല… ആരാണത്..????
രണ്ടു തിളങ്ങുന്ന കണ്ണുകൾ അവളെ നോക്കി… ഇ നായക്ക് ഇതു തന്നെ ഒരു ശീലമായിട്ടുണ്ട് യാത്രക്കാരെ ബുദ്ദിമുട്ടിക്കുക… ചായക്കടക്കാരൻ ഒരു ചായക്കോപ്പയിൽ വെള്ളമെടുത്തു വീശാൻ തുടങ്ങിയ മാത്രയിൽ ചിന്ത കൈയുയർത്തി..
മാഫ് കീജിയെ…
ഒരു നായക്ക് വേണ്ടി മനുഷ്യൻ മാപ്പ് ചോദിക്കുന്ന കാലം വന്നുവോ? അല്ലെങ്കിലും എന്തിനാണ് ചിന്ത മാപ്പ് പറഞ്ഞത്…? അമ്മാളു രേഖയെ നോക്കി..
മനസ്സിലാകാത്ത പലതും ചെയ്യും എല്ലാത്തിനും എന്റെ നേർക്ക് തിരിയരുത് രേഖ സമൂസയിൽ ശ്ര ദ്ദിച്ചു…
മടിച്ചു നിന്ന ആ ശുനകന്റെ അരികിലേക്ക് ആ പേപ്പർ പ്ലേറ്റ് അല്പം നീക്കി വച്ചു കൊണ്ട് ചിന്ത നീങ്ങി ഇരുന്നു… ഭയമുണ്ടെങ്കിലും ചിലതിനെ സമീപിക്കാതെ പറ്റില്ലല്ലോ? അവൻ കുറച്ചു മുന്നോട്ടാഞ്ഞു ബെഞ്ചിൽ കയറി ഇരുന്നു… ചിന്ത സമൂസ പൊട്ടിച്ചു ആ പ്ലേറ്റിൽ നിരത്തി…
അത് ചിന്തയെ ദയനീയമായി നോക്കി… അവൾ അവനെയും…
വിനയത്തോടെ അതൊരു കഷ്ണം സമൂസ തിന്നു… രണ്ടാമതും തിന്നു… മൂന്നാമത് തിന്നുമ്പോൾ അതിലൊരു കഷ്ണത്തിൽ വെളുത്ത വജ്രക്കല്ലുകൾ തിളങ്ങി… ഒരു കഷ്ണം എടുത്തു ചിന്ത കഴിച്ചു..
അമ്മാളു കൈയിൽ ഉള്ള ഭക്ഷണം പൊടുന്നനെ താഴെ ഇട്ടു… ഉറക്കെ വിളിച്ചു…ചിന്ത… അവൾ ചിന്തയെ ഏതാനും നിമിഷങ്ങൾ നോക്കി നിന്നു… അരുത് കഴിക്കരുത്..ചിന്ത മൗനമായി അടുത്ത കഷ്ണവും കഴിച്ചു.. ആ നായ അവസാന കഷ്ണത്തിനൊടുവിൽ അവളുടെ കൈകളെ വലയം ചെയ്ത രുദ്രാക്ഷമാലയിൽ നക്കി തുടച്ചു സ്നേഹം പ്രകടിപ്പിച്ചു… അവൾ തന്റെ നീണ്ട വിരലുകളാൽ അവന്റെ ശിരസ്സിൽ തലോടി നെറുകയിൽ ചുംബിച്ചു.. അമ്മാളു ഒരിറ്റു കണ്ണീർ വാർത്തു കൊണ്ട് അവളെ കെട്ടിപിടിച്ചു… നീ ചണ്ഡാള ആയല്ലോ മഹാലക്ഷ്മി ഒരാൾ എത്രത്തോളം അധഃപതികമോ?
ശുനകന്റെ എച്ചിൽ ഭക്ഷിക്കാമോ? അവളെ മാറ്റിനിർത്തി കൊണ്ട് ചിന്ത അളകാനന്ദയിൽ കൈകഴുകി ആ പാറക്കെട്ടിൽ ഇരുന്നു.. “മരണവേഗത്തിന്റെ തീച്ചൂളയിൽ ജീവിതത്തെ നീറ്റിയ അനുഭവങ്ങളാൽ തിരിച്ചറിവിന്റെ ഉമിനീരൂറ്റിവലിച്ചിറക്കി നിന്റെ ജീവന്റെ അന്ത്യ താളത്തെയും നിലനിർത്തുക… ജീവിതത്തിന്റെ നിസ്സാരത കൂവള ദളം പോലെ വടിവൊത്തു നിന്നെ ശുദ്ധീകരിക്കും…”
വരൂ പോകാം.. ശിവാനന്ദാശ്രമത്തിൽ മണികൾ മുഴങ്ങുന്നത് ദൂരെ നിന്നും കേൾക്കാം.. അവർ നടന്നടുക്കുംതോറും ശാന്തതയുടെ ആ തീരം അവരെ പ്രണയിച്ചുകൊണ്ടേ ഇരുന്നു… രേഖ ചിന്തയുടെ കൈയിൽ കൈകോർത്തു പിടിച്ചു മുന്നോട്ടു നടന്നു.. മഞ്ഞ ചെറുപുഷ്പങ്ങൾ ആശ്രമ കവാടത്തിൽ അവരെ പുഞ്ചിരിച്ചു കൊണ്ട് വരവേറ്റു.. നീണ്ട പുൽത്തകിടികൾ മൃദുലമായി പദങ്ങളെ സ്പർശിച്ചു… ചിന്ത ആ തുകൽ പാദരക്ഷകൾ ഊരി കൈയിൽ പിടിച്ചു മണ്ണിൽ വിരലുകളൂന്നി.. ദേവഭൂമിയുടെ തണുപ്പ്… മന്ദാകിനിയുടെ ലാളന… സൗമ്യം ശുദ്ധം… അമ്മാളു രേഖയുടെ ചെവിയോട് ചേർന്നു അസഹിഷ്ണുത വിളമ്പി.. നമ്മളിവിടെ എന്തിനാണ് വന്നിരിക്കുന്നത്? രേഖ : ഭജൻ ഉണ്ട്
കൃഷ്ണ ഭജൻ അല്ലെ? വലിയ യോഗ പീഠത്തിനു മുകളിൽ യോഗാഭ്യാസനം ചെയ്യുന്ന ആളുകളെ നോക്കി കൊണ്ട് ചിന്ത ആ അശോകമര ചുവട്ടിൽ നിസ്സംഗയായി നിന്നു.. ഏവരും ആശ്രമം ദർശിക്കയാണ്.. രേഖ അവളോട് ചേർന്നു പുറകിലൂടെ അവളെ കെട്ടിപ്പുണർന്നു… ചിന്ത… മ്മ്
നീ രാഘവേന്ദ്രയെ നോക്കുക അല്ലെ? സത്യം പറയു? അവൾ ചിരിച്ചു… ഞാൻ രാഘവ് നെയോ യോഗചെയ്യുന്നവരെയോ അല്ല അതിനപ്പുറമുള്ള അളകാനന്ദയുടെ ധ്വനിയും ആ മലനിരകളെയുമാണ് നോക്കുന്നത് രേഖ.
എത്ര മനോഹരമാണ് ഇവിടം. എത്ര ശാന്തമാണ്.. എത്ര പക്ഷികൾ.. മൺപാതകൾ.. പൂക്കളില്ലാതെപോലും പുഞ്ചിരിക്കാൻ പഠിപ്പിക്കുന്ന ഇലച്ചാർത്ത്… കുരങ്ങുകൾ.. വവ്വാലുകൾ… എന്തെല്ലാം പക്ഷി മൃഗാദികളാണ് സ്വതന്ത്രമായി അലയുന്നത്?.. ഭൂമിയുടെ അവകാശികൾ..ചിന്ത… മ്മ്… നിന്നിൽ ഉറഞ്ഞുകൂടി ഘനീഭവിച്ചിരിക്കുന്ന ഇ മാറ്റത്തിന്റെ ഉറവ യുടെ ഉത്ഭവം എവിടെ നിന്നാണ്… അവൾ വിരൽ ചൂണ്ടി.. അങ്ങകലെ യോഗികൾക്കൊപ്പം ശാന്തനായി ധ്യാനിക്കുന്ന രാഘവേന്ദ്രയിലേക്ക്… എന്റെ ജീവന്റെ വൈപരീത്യത്താൽ വൃണപെട്ട ചിന്താശകലങ്ങളെ പെറുക്കിയെടുത്തു രുദ്രപ്രയാഗിൽ തർപ്പണം ചെയ്ത ആ യോഗി നിശ്ശബ്ദനാണ് രേഖ.. അവൾ പുൽമേടുകളിൽ മഞ്ഞുതുള്ളികൾ പ്രണയിച്ച ആ മൺ പാതയിലൂടെ നടന്നു ആ ചുവന്ന മേൽവസ്ത്രം മഞ്ഞിൽ അകലുന്നത് രേഖ നോക്കി നിന്നു.. പ്രിയപ്പെട്ടവളെ… എന്റെ ബനാറസ് ദിനങ്ങൾക്ക് മിഴിവേകിയ യോഗ പഠനം ഇവിടെ ആണ് ഏറെകാലം നീണ്ടുനിന്നത്.. ഇ ശിവാനന്ദ ആശ്രമത്തിൽ… ശാന്തതയുടെ കുളിരുള്ള പ്രഭാതങ്ങളിൽ ചേർത്തുനിർത്തിയ തേയില ചൂടിനെ മാറിടത്തോടടുപ്പിച്ചു ഇ മേൽ വസ്ത്രത്തിൽ പുതച്ചു കുളിർ കാഞ്ഞു കൊണ്ട് ഹിന്ദുസ്ഥാനി രാഗങ്ങളിൽ രാധേ കൃഷ്ണ രാഗാലയ സംഗീതത്തിന്റെ സ്‌നിഗ്ധ സ്പർശത്തെ വായുവിൽ ലയിപ്പിച്ചു ചാരിയിരുന്നു ഞാൻ ഇവിടത്തെ ഇടനാഴികളിൽ.. മരചുവടുകളിൽ… എന്റെ ആത്മാവിനെ സ്വാതന്ത്ര്യയാക്കി കഴിഞ്ഞിരുന്ന ദിനങ്ങളിൽ.. യോഗ പഠന സഹായികൾ വസ്തുനിഷ്ഠമായി ഒരു തീസിസ് മാതൃകയിൽ രൂപീകരിക്കാൻ എനിക്കൊരു സഹായിയെ നൽകി ഗുരുജി… രാഘവേന്ദ്ര…
” നിങ്ങൾക്ക് സംവദിക്കാൻ അത്ര എളുപ്പമാകില്ല… ആ വ്യക്തി എങ്കിലും… ഭാഷ തമിഴ് വശമുണ്ട്.. തമിഴ് ബ്രാഹ്മണനാണ്… “

എനിക്ക് ദ്രാവിഡ ഭാഷയാണ് തമിഴിൽ വശം.. ബ്രഹ്മം കൊടുത്ത, തന്തൈ മൊഴിയിൽ വാണ ദ്രാവിഡൻ.. ശിവൻ.. മണ്ണിന്റെ മകൻ. ഗുരുജി സൗമ്യനായി ചിരിച്ചു. ഞാൻ അദ്ദേഹത്തിന്റെ വരവിനായി കാത്തുനിന്നില്ല… പറഞ്ഞ സമയത്ത് പറഞ്ഞ ഇടത്തിൽ അദ്ദേഹം വന്നുമില്ല… അദ്ദേഹം കാലത്തെ പോലെ… അപ്രവചനീയനായി എന്നിൽ പരിണമിച്ചു. വെളുത്ത ചോറിലെ രാജ്മ കറിയിലും ചീരയിലയുടെ പച്ചപ്പിലും സംതൃപ്തിയോടെ ഒരു നേരം മാത്രം ഭക്ഷിച്ചു കൊണ്ട് ലോകത്തിനു അന്നം മുട്ടിക്കാതിരിക്കാനും മറ്റുള്ളവർക്കായി കരുതലുള്ളവരായി ജീവിക്കാനും വിശപ്പടക്കുന്നത്തെക്കാൾ വലിയ സംയമനം യോഗി പാലിക്കാനില്ലെന്നും അവിടം പഠിപ്പിച്ചു. തുറന്ന ഭജൻ മുറിയുടെ അറ്റത്തെ തൂണോടു ചാരി ഇരുന്നു അക്ഷരങ്ങളുടെ ലോകം ആസ്വദിക്കേ ആ വിളി കേട്ടു… രാഘവേന്ദ്ര കാണാൻ വന്നിട്ടുണ്ട്.. അളകയുടെ ഓളങ്ങൾ ചിരിച്ചുല്ലസിക്കുമ്പോൾ ആ വെളുത്ത പരുത്തി വസ്ത്രം കാറ്റിലുലഞ്ഞു… ചിന്ത ശാന്തയായി അഭിസംബോധന ചെയ്തു… ഹര ഹര മഹാദേവ് കി… അയാൾ പുറം തിരിഞ്ഞവളെ നോക്കി.. ശാന്ത സ്വരൂപി.. കണ്ണുകൾ രുദ്രയുടെ ഓളങ്ങൾ പോലെ ആഴത്തിൽ സഞ്ചരിച്ചു… മഹാകാല… അവൾ രണ്ടടി പുറകോട്ടാഞ്ഞു… പാദങ്ങൾ വിറകൊണ്ടു.. അരയിൽ ബെൽറ്റ്‌ കണക്കെ സർപ്പം.. അയാളവളെ ബലമായി കൈകളിൽ താങ്ങി… “പതറരുത് കാളി… നിനക്ക് ജീവനില്ലല്ലോ… എന്റെ ചുടലക്കാടിലേക്ക് വരിക.. നിന്റെ യാതനകളിൽ ചൊരിഞ്ഞ അഗ്നിഹോത്രത്തിന്റെ പുണ്യാഹം ആ ചുടലക്കാടിലുണ്ട്… “
അദ്ദേഹം തന്റെ മേൽവസ്ത്രം വായുവിൽ വീശി പുതച്ചു.. അതിന്റെ സുഗന്ധം അവളുടെ നാസികകളെ ഉണർത്തി.. ഭസ്മം… ശുദ്ധഭസ്‌മ ഗന്ധി വായു.. ഞാൻ… മിണ്ടിതുടങ്ങാൻ വെമ്പുന്ന അധരങ്ങളെ അടക്കി… അദ്ദേഹം നടന്നകന്നിരുന്നു… ഇദ്ദേഹം… ഇദ്ദേഹത്തിൽ നിന്നും ഇ തീസിസ് പൂർത്തിയാക്കാൻ എനിക്കാകുമോ? ഇദ്ദേഹത്തെ തന്നെ പഠിക്കാൻ എനിക്ക്…. ചിന്ത ആശ്രമത്തിലേക്ക് മടങ്ങി… ഗുരുജി നൽകിയ വഴികാട്ടിക്കൊപ്പം അവൾ രാഘവേന്ദ്രയുടെ വാസസ്ഥലത്തിലേക്ക് നടന്നു… മലയടിവാരത്തിൽ പച്ചപ്പാർന്ന പാടങ്ങൾ ഇരുവശം, നീണ്ട മൺ പാതയിലൂടെ നടന്ന അയാൾ ചുറ്റുമുള്ള കിളികൾക്ക് ഭക്ഷണം നൽകികൊണ്ട് ധാന്യമണികൾ വഴിനീളെ വിതറിക്കൊണ്ടേ ഇരുന്നു… ചിന്ത അവളുടെ മേൽവസ്ത്രത്തിന്റെ തുമ്പിൽ കെട്ടിയിട്ട ആ ഗോതമ്പു മണികളെ ചൂണ്ടുവിരലിലൂടെ ഊന്നു വീഴ്ത്തി കൊണ്ട് മൂളി… ” ॐ कामिकागमपूजिताय नमः । ॐ तुर्यचैतन्याय नमः । ॐ सर्वचैतन्याय नमः । मेखलाय ॐ महाकायाय नमः । ॐ अग्रगण्याय नमः । ॐ अष्टभुजाय नमः । ॐ ब्रह्मचारिणे नमः । ॐ कूटस्थचैतन्याय नमः । ॐ ब्रह्मरूपाय नमः । ॐ ब्रह्मविदे नमः । ॐ ब्रह्मपूजिताय नमः”
(അഘോര മൂർത്തി പഞ്ചകം )

അങ്ങകലെ ആ വീടിന്റെ മൺഭിത്തികളിലേക്ക് ചേക്കേറിയ വള്ളി പടർപ്പിൽ പുഞ്ചിരിച്ച മഞ്ഞ പുഷ്പങ്ങൾ ബില്വ മരത്തിന്റെ ഛായയിൽ മന്ദഹസിച്ചു… അവൾ വരുന്നുണ്ട്… ആ മൺപാതയുടെ തണുപ്പ് പാദങ്ങളിലേക്ക് അരിച്ചിറങ്ങിയപോലെ.. ഉള്ളിയില തണ്ടുകൾ അവളെ വരവേറ്റു… രാഘവ് യോഗിക്ക് പ്രണാമം… ഞാൻ ഇവരെ കൂട്ടിചെല്ലാൻ വൈകുന്നേരം വരാം… രാഘവ് ഒരു കൊട്ടയിൽ നിറയെ ആപ്പിളുകളും പച്ചക്കറികളും നൽകി അയാളോട് വിട പറഞ്ഞു.. കാളിക്ക് അകത്തേക്കിരിക്കാം…അദ്ദേഹം ആ മൺ കുടിലിനകത്തേക്ക് വിരൽ ചൂണ്ടി.. പേര് ചിന്ത… അവൾ നിർത്തി നിർത്തി പറഞ്ഞു… അല്ലെങ്കിലും ഭൂലോകത്തിൽ രണ്ടേ ഉള്ളു വർഗം
കാളിയും ശിവനും.. നിങ്ങൾ മാതാവ് കാളി
ഞാൻ പിതാവ് മഹാകാലൻ
ബാക്കി എല്ലാം തിരിച്ചറിയലുകൾ അല്ലെ കാളി.. അവൾ ചിരിച്ചു കൊണ്ട് അകത്തേക്ക് പ്രവേശിച്ചു. ഇദ്ദേഹത്തിന്റെ തമിഴ് ബ്രാഹ്മണ സ്വത്വം ഇവിടങ്ങളിലെവിടെയോ നഷ്ടപ്പെട്ടിരിക്കുന്നു ഊഹിക്കാം… അവൾ അകത്തെ വലിയ മുറിയുടെ പകുതി ചുവരിനെ അലങ്കരിച്ച പുസ്തക ലോകത്തെ അതിശയത്തോടെ നോക്കി കണ്ടു.. ശാസ്ത്രം മുതൽ സംഹിതകൾ വരെ അവിടെ സംവദിക്കയാണ്. ഇരുന്നോളു… അവൾ ചുറ്റും കണ്ണയച്ചു എവിടെയാണ് ഇരിക്കേണ്ടത്? ആ പുല്പായ എടുത്തു വിരിച്ചു അദ്ദേഹം. അലസമായ കാൽവെപ്പുകളോടെ അവൾ ഇരുന്നു.. പദ്മാസനത്തിൽ ഇരിക്കു കാളി… അദ്ദേഹം സൗമ്യനായി പറഞ്ഞത് അവൾ അനുസരണയുള്ള കുട്ടിയെ പോലെ ഉൾക്കൊണ്ടു. യോഗ തീസിസ് അല്ലെ..? ഒരാഴ്ച തുടർച്ചയായി ശിവാനന്ദയിലെ യോഗാഭ്യാസനം കഴിഞ്ഞാൽ ഇവിടെ വന്നോളൂ.. ഞാൻ അറിയാവുന്നതെല്ലാം പറഞ്ഞു തരാം… വീതിയുള്ള ഒരിലയിൽ ആപ്പിളുകൾ അദ്ദേഹം ചിന്തയുടെ അടുത്തേക്ക് നീക്കി.. ഇവിടം എന്താണ്? ചിന്ത രാഘവേന്ദ്രയിലേക്ക് സഞ്ചരിക്കുവാൻ തുടക്കമിട്ടു… കൃഷി. എന്തിന്റെയെല്ലാം? ഉത്തരകാണ്ഡം ആപ്പിള് കൾക്ക് പ്രസിദ്ധമല്ലേ? നിങ്ങൾക്ക് തെങ്ങു പോലെ… ഒരു തുണ്ടു ഭൂമി… പക്ഷികൾക്കും ഉരഗങ്ങൾക്കും മൃഗങ്ങൾക്കും ഭയമേവ ഉല്ലസിക്കാൻ ഒരു തുണ്ട് ഭൂമി അതെ ഉള്ളു.. അദ്ദേഹം നിസ്സാരമായി പറയുന്നവയൊക്കെയും സരമാക്കേണ്ടതാണെന്നു അവൾക്ക് തോന്നി. കാളി യോഗ അഭ്യസിക്കാൻ വന്നതല്ല… അവൾ മുഖമുയർത്തി, ആണ്.. 14 ദിവസത്തെ ക്ലാസ്സ്‌ മാത്രമേ ഇനി ബാക്കിയുള്ളു… ശുനകൻ വാലാട്ടിക്കൊണ്ട് അകത്തു പ്രവേശിച്ചു അദ്ദേഹത്തിന്റെ മടിയിൽ ചൂട് പറ്റി ചേർന്നിരുന്നു.. അദ്ദേഹം തന്റെ കൈകളിൽ നിന്നും ആപ്പിൾ കഷ്ണങ്ങൾ അതിനു നൽകികൊണ്ട് കഴിച്ചു.. അവളതു നിശബ്ദമായി നിരീക്ഷിച്ചു… നിങ്ങൾ ബ്രാഹ്മണൻ അല്ല… അതോരു പ്രസ്താവനയോ ചോദ്യമോ ആയി കൈകൊള്ളാവുന്നതാണ് എന്നാ മാതൃകയിൽ അവൾ പായയിലേക്ക് നീങ്ങി ഇരുന്നു.. നീ ആണോ കാളി? മറുചോദ്യം
” ഇടിമിന്നലേറ്റവണ്ണം നടുങ്ങി രാജാക്കന്മാർ ഉരഗങ്ങളെ പോലെ “
എന്നാ പ്രയോഗം പോലെ അവളെ ഞെട്ടിച്ചു. ജന്മം കൊണ്ട് ആണ്.. കർമം കൊണ്ട് മഹാകാലനും… അപ്പോൾ ചണ്ഡാളൻ അല്ലെ? അവൾ അദ്ദേഹത്തിന്റെ മടിയിലെ ശുനകനെ സൂക്ഷിച്ചു നോക്കി.. രൗദ്രമാർന്ന കണ്ണുകളാൽ കാംഷിക്കുന്നില്ലല്ലൊ അവനെന്നെ… ആരാണ് ചണ്ഡാളൻ കാളി? അദ്ദേഹം മൃദുവായി ആപ്പിളുകൾ കടിച്ചെടുക്കുന്നതിനിടെ ലാഘവത്തോടെ ചോദിച്ചു. അധഃകൃതൻ,മാംസ്യം ചുട്ടുതിന്നുന്നവൻ, കാടിലലയുന്നവൻ, ഉരഗങ്ങളെയും ശുനകനെയും കൂടെ പാർപ്പിക്കുന്നവൻ… അദ്ദേഹം ചിന്തയുടെ തീസിസ് കടലാസ് കഷ്ണങ്ങളിൽ എന്തെല്ലാമൊക്കെയൊ കുറിച്ചിട്ടു… അപ്പോൾ ശിവൻ അല്ലെ കാളി? ശിവനല്ല.. അല്ലെ? പിന്നെയോ? ബ്രഹ്മത്തിൽ ആദിഭൂകണ്ഡത്തിന്റെ അഗ്നിയിൽ ജനിച്ച ശിവൻ ചണ്ഡാലനല്ലേ കാളി? ചണ്ഡാളനെന്നാൽ അധകൃതൻ എന്നേ അർത്ഥമുള്ളൂ..
ചിന്ത അതിക്രമിച്ചു കടന്നു തർക്കത്തിലേക്ക്… ചണ്ഡാളനെന്നാൽ ചണ്ഡികയയുടെ സന്തതി പരമ്പര എന്നാണ് അർത്ഥം കാളി. ചണ്ഡിക ശ്രീപരമേശ്വരി അല്ലെ? ആധിയും അന്ധവുമായ അർദ്ധനാരീശ്വരൻ ചണ്ഡികയുടെ ഉർജ്ജസ്രോതസ്സിൽ രൂപം കൊണ്ടതല്ലേ കാളി? ആണ്. ഇഹത്തിൽ ജനിക്കാൻ ബഹ്മാനെയും വാഴാൻ വിഷ്ണുവിനെയും കൈകൊള്ളുന്നതുവരെ ഉള്ളു പോണൂൽ മാഹാത്മ്യം. പരലോകം പ്രാപ്യമാകാൻ പൂണൂലില്ലാത്ത ചണ്ഡാലനല്ലേ ശരീരം ഗംഗയിൽ മറിച്ചിടുന്നത് അല്ലെ? തുടങ്ങിയിടത്തു തന്നെ ഏവരും വരേണ്ടി വരും കാളി.. കേവല മനുഷ്യ ജന്മങ്ങളായി… നിങ്ങളോട് തർക്കിക്കാൻ ഞാൻ ആളല്ല രാഘവ്. നിങ്ങൾ തമിഴ് ബ്രാഹ്മണൻ രുദ്രയിലെങ്ങിനെ എത്തി? ഞാൻ ശിവനെ തേടി വന്നു. ഇത് ഉത്തരകാണ്ഡമല്ലെ കാളി.. ദ്രാവിഡന്റെ മണ്ണ്. കാടും മലയും മഞ്ഞും താണ്ടി കേദാറിലെ ലിംഗം നിലനില്കുന്നുവെങ്കിൽ സത്യമുള്ള മണ്ണാണ് കാളി ഇത്. ദേവഭൂമി.. മഹാദേവ ഭൂമി. നാളെ രാവിലെ വരൂ.. നിനക്കായുള്ള രേഖകൾ ഞാൻ എഴുതിത്തരാം പകരം നീ എന്റെ ദൈനം ദിനവൃത്തിയിൽ എന്നേ സഹായിക്കണം. ശരി. നാളെ 15 വഴുതിന തൈകൾ നടാം നമുക്ക്… രാഘവ് വഴുതിന തൈകളെ ഇലയിൽ മണ്ണുചേർത്തു പൊതിഞ്ഞു കെട്ടി. ഞാൻ കണ്ടു രാഘവ് നിങ്ങൾക്കല്പം മരുന്ന് പ്രയോഗിച്ചുകൂടെ.. കായ്ച്ചു നില്കുന്നവയിൽ പകുതിയും പുഴുക്കളാണ്. അതെയോ കാളി.. എങ്കിൽ കൃഷി ഫലിച്ചു. നാളെ വീണ്ടും നടാം. അവയിൽ 3വഴുതിനയെ നമുക്ക് ആവശ്യമുള്ളു കാളി. ബാക്കി പുഴുക്കൾക്കായി നടുന്നതാണ്. ശുനകൻ അദ്ദേഹത്തിന്റെ കാലുകൾക്കിടയിലൂടെ വട്ടമിട്ടു. ഇവനെ കൊണ്ടുപോയ്ക്കോളു കാളി. അവൻ മടങ്ങി വന്നുകൊള്ളും. വേണ്ട.
അവൾ നടന്നു… ഏഴ് ദിവസങ്ങൾ അതിരാത്രം കണക്കെ യജ്ഞ തുല്യമായി അവർക്കിടെ സഞ്ചരിച്ചു.. പ്രകൃതിയോടിണങ്ങിയ ജീവന്റെ ഓരോ കണികകളെയും അംഗീകരിക്കാനും ബഹുമാനിക്കാനും അവർക്കിടയിൽ മടവെട്ടിയ വെള്ളം കണക്കെ ഊർജ സ്രോതസ്സിന്റെ ഒഴുക്ക് നിലക്കാതെ നിന്നു.യോഗ യുടെ ആദി യിലേക്ക് രാഘവേന്ദ്ര ചിന്തയെ ക്ഷണിച്ചു.. രാഘവ് :ആരാണ് യോഗി എന്നതറിയാതെ യോഗത്തെയും വിയോഗത്തെയും സന്യാസത്തിന്റെ നീക്കിയിരിപ്പായി ചിത്രീകരിക്കപ്പെടുന്നുണ്ട് കാളി.. നിനക്ക് യോഗിയാവാണോ? സന്യാസി ആകണോ? ചിന്ത :നിങ്ങൾ എന്താണ് രാഘവ്? രാഘവ് :ഞാൻ യോഗി ആണ്. ശിവൻ യോഗി അല്ലെ കാളി? ചിന്ത :യോഗം.. അല്ലെങ്കിൽ നിയോഗം ഉള്ളവൻ യോഗി അല്ലെ രാഘവ്? ജീവിതം തന്നെ ഒരു നിയോഗമാണ് കാളി. അതറിയുന്നതുവരെ പ്രതിസന്ധിയുടെ കനലിൽ നീറുക,അറിഞ്ഞാൽ പിന്നെ അഹം ബ്രഹ്മാസ്മി,അവയെ നമ്മൾ ഉൾക്കൊണ്ട്‌ ഭസ്മീകരിക്കും. ഇന്ന് ശുനകന് അന്നം നൽകുന്നതിന് കാളിയെ ഞാൻ നിയോഗിച്ചിരിക്കുന്നു. വേണ്ട.. ഞാൻ പശുവിനെ കുളിപ്പിക്കാം.. തൊഴുത്ത് വൃത്തിയാക്കാം.. കൃഷിയിടങ്ങളിൽ പണി ചെയ്യാം.. ഇതു വേണ്ട… അപ്പോൾ നിനക്ക് മഹാകാലനെ വേണ്ട അല്ലെ കാളി? ശുനകൻ എങ്ങിനെ ആണ് മഹാകാലൻ ആകുന്നത്? അദ്ദേഹം കാളയെയും പശുവിനെയും അല്ലെ വാഹകരായി കൊണ്ടുനടന്നതായി പുരാണങ്ങൾ പറയുന്നത്. നിങ്ങൾ ശിവപുരാണം വായിച്ചിട്ടില്ലേ രാഘവ്? രാഘവ് :കാളി, മഹാകാലൻ അന്ന പൂർണേശ്വരിയിൽ നിന്നും ധാന്യമണികൾ കൈകൊണ്ട ശേഷം ഭൂമിയിലെ സകല ജീവജാലങ്ങൾക്കു മായി പകുത്തു നൽകിയാതായി വായിച്ചിട്ടില്ലേ? ശിവപുരാണത്തിൽ?
ഉണ്ട്.. അന്ന് അദ്ദേഹം ആ ധാന്യമണികൾ കൈവിരവുകളിലൂടെ ഊർന്നുവീണപ്പോൾ സ്വീകരിച്ചതാരാണ് ശുനകനല്ലേ കാളി? നിങ്ങളുടെ നാട്ടിലെ ആഢ്യ ചിത്രകാരൻ രവിവർമ ആ ചിത്രം വരച്ചത് കാളി കണ്ടിട്ടില്ലേ? മൈസൂർ രാജവംശത്തിന്റെ തിരു അവശേഷിപ്പു ശേഖരണത്തിൽ അതുണ്ടല്ലോ. അല്ലെങ്കിലും നിങ്ങളുടെ നാട്ടിലെ മുത്തപ്പൻ ശിവാനല്ലേ കാളി? മുത്തപ്പന് ശുനകനല്ലേ കൂട്ട്? ആദിദ്രാവിഡന്മാർക്കൊക്കെ ശുനക സാനിധ്യം കാണാം. ആദി ദ്രാവിഡ ശക്തിസ്രോതസ്സ്കളെ ഉൾകൊള്ളുമ്പോൾ സംസ്കാര ചിഹ്നങ്ങൾ ആയ ശുനകൻ എങ്ങിനെയാണ് ഇല്ലാതായത് അതിൽ നിന്നും…? ചിന്ത മൗനമായി തളികയിൽ അന്നം വിളമ്പി ശുനകന് നേരെ നീട്ടി. അത് ഭക്ഷിക്കാതെ തന്നെ രാഘവേന്ദ്രയുടെ കാലുകൾക്കിടയിൽ മുഖം ചേർത്തു വിമുഖത കാണിച്ചു. നീണ്ട വരാന്തയിൽ ചാണകം മെഴുകിയ തിണ്ണയിൽ ചാരി ഇരുന്നു അവൾ മുറ്റത്ത് പൈക്കിടാവ് പാല്കുടിക്കുന്നത് നോക്കി നിന്നു.. സമയം ഏറെ വൈകിയിരിക്കുന്നു നാളെ പുലർച്ചെ മടക്കം ബനാറസ് ലേക്ക്. ഇനി ഇ ഇടങ്ങളിൽ എന്നാണെന്നറിയില്ല.. ശുനകൻ അവന്റെ ആകാംക്ഷയുള്ള മിഴികളിൽ അവളെ നോക്കി കണ്ടു.. അവൾ സാവധാനം അതിനോട് ചേർന്നിരുന്നു. “ധാരണകൾ പിഴച്ചിട്ടില്ല.. പിഴപ്പിച്ചതാണ്.. “
രാഘവിന്റെ ഓംകാര ധ്വനിപോലെ ഉള്ള ശബ്‍ദം ശംഖിന്റെ ആഴങ്ങളിൽ പ്രതിധ്വനിച്ചു. ശുനകനെ ആരാധിച്ചതായി എവിടെ എങ്കിലും അറിവുണ്ടോ രാഘവ്? ഉണ്ടല്ലോ… വേദങ്ങളിലും, ഇതിഹാസങ്ങളിലും പുരാണങ്ങളിലും എല്ലാം ശുനകനെ ആരാധിച്ചിട്ടുണ്ട് കാളി. ഭൈരവ രൂപിയായ ശിവന്റെ വാഹനം കറുത്ത ശുനകനാണ് കാളി. ബ്രഹ്മ വിഷ്ണു ശിവ സംയുക്ത ശക്തിയായ ദത്താത്രേയ ക്ക് ഒപ്പം എപ്പോഴും 4 ശുനകന്മാരുണ്ട് കാളി. അവ നാല് വേദങ്ങളെ പ്രതിനിധാനം ചെയ്യുന്നു. യമനെ ശുനക രൂപത്തിൽ യുധിഷ്ഠിരൻ മഹാഭാരത യുദ്ധഭൂമിയിലേക്ക് ആനയിച്ചതായി പറയുന്നു കാളി. രാക്ഷസന്മാരാൽ അപഹരിക്കപ്പെട്ട കാലികളെ വീണ്ടെടുക്കാൻ ഇന്ദ്രൻ “സരമാ “എന്നാ ശുനകനായി രൂപം കൊണ്ടു. സരമായേ ഇന്നും ആരാധിക്കുന്നു കാളി. ചിന്ത : സരമാ ദക്ഷയുടെ അനിയത്തി അല്ലെ? രാഘവ് :അതെ, സരമായേ ജന്തുജാലത്തിന്റെ മാതാവായി ക്ഷേത്രങ്ങളിൽ ആചരിക്കുന്നുണ്ട്.
ശുനകൻ അതിൽ ഉൾപെട്ടിട്ടുണ്ടല്ലോ കാളി. (ഭാഗവതം )
ഋഗ്വേദത്തിൽ വരുണന്റെ ഗൃഹം കാക്കുന്ന കാവലാൾ വസ്തോസ്പതി ശുനകനല്ലേ കാളി? അവൾ മിഴികൾ പതുക്കെ താഴ്ത്തി ധ്യാ നലീനയായി.. രാഘവ് അവളുടെ അരികിൽ ഇരുന്നു കൊണ്ട് അവളുടെ ധ്യാനത്തിനു ഊർജ്ജമേകി.. “പാട്ടി തെറ്റ് പഠിപ്പിച്ചു രാഘവ്.. “
അവർ മണ്മറഞ്ഞു.. ഇല്ലെങ്കിൽ ഞാൻ അവരെ ഇതു ധരിപ്പിക്കുമായിരുന്നു.. “അങ്ങിനത്തെ പലരും പറഞ്ഞു പഠിപ്പിച്ച പലതുമാണ് ആചാരം അനാചാരമായി രൂപപ്പെടാൻ ഇടവച്ചത് കാളി”.
അറിവ് നേടുക സ്വയം തിരുത്തുക.. അതാണ് ശുദ്ധീകരണം, പ്രാർത്ഥന മാത്രമല്ല കാളി. അവർ ഇരുവരും ചേർന്ന് കൃഷി ഇടതിന്റെ അങ്ങേ അറ്റത്തെ ആൽ വൃക്ഷം ലക്ഷ്യമാക്കി നടന്നു.. നീണ്ടു കിടക്കുന്ന കാബേജ് തോട്ടങ്ങളിലെ അഴുകിയ ജൈവവളത്തിന്റെ ദുർഗന്ധം അവളെ അലോസരപ്പെടുത്തിയില്ല.. പരിചിതമായിരിക്കുന്നു പലതും.. പൊരുത്തപ്പെട്ടിരിക്കുന്നു പലതിനോടും… ആ ആൽമരചുവട്ടിൽ ഉള്ള ശിവലിംഗത്തിനു ധാര ചെയ്യുവാനുള്ള ജലം കൈയിലെ അടുക്കുപത്രത്തിൽ ആടിയുലഞ്ഞു.. അടുക്കാറായപ്പോൾ രാഘവ് മടങ്ങാം അല്പം കഴിഞ്ഞു വരാം എന്ന് ആംഗ്യം കാണിച്ചു… അവൾ അകലങ്ങളിലേക്ക് കണ്ണയച്ചു.. ഒരു ശുനകൻ ശാന്തമായി ആ ശിവലിംഗത്തിൽ ചാരി ഉറങ്ങുന്നു.. ചെറു മയക്കം.. ഒരു നേർത്ത പുഞ്ചിരി സമ്മാനിച്ചു കൊണ്ട് അവൾ അദ്ദേഹത്തോടൊപ്പം മടങ്ങി. കാളി.. നിങ്ങൾക്കുള്ള തീസിസ് തയ്യാറായിരിക്കുന്നു.” ആദി യോഗി ശിവൻ മുതൽ ഐസ്തെറ്റിക് ശൈവിസം വരെ ഉൾകൊണ്ട ആ കടലാസുകളെ ആദരവോടെ, നന്ദി യോടെ അവൾ സ്വീകരിച്ചു.. ആ യോഗി ഗൃഹത്തിൽ നിന്നും നീണ്ട മൺപാതയിലൂടെ നടന്നകലുമ്പോൾ മനസ്സ് പിൻവിളികൾക്ക് കാതോർത്തു.. ആണും പെണ്ണും തമ്മിൽ പ്രണയമോ രതിയോ തൊട്ടുതീണ്ടാത്ത അഹംഭാവത്തിന്റെ ശൈഥില്യങ്ങൾ പടിയിറക്കി പിണ്ഡം വച്ച ഒരു ബന്ധം ഇവിടെ നിലക്കുക ആണോ അവൾ
അവസാന കൂടിക്കാഴ്ചയിൽ കയ് കുമ്പിളിൽ വച്ചു തന്ന രുദ്രാക്ഷ മാല ചുരുട്ടി പിടിച്ചു ശക്തമായ കാൽവയ്പ്പികളോടെ ദേവഭൂമിയിൽ പെരുവിരൽ അമർത്തി.. അഹം ബ്രഹ്മാസ്മി
എട്ടുവർഷത്തെ നീണ്ട ഇടവേളക്ക് ശേഷം അദ്ദേഹത്തിന്റെ സ്വരം… “ഹലോ.. രാഘവേന്ദ്ര യോഗി മഠം അല്ലെ?”
” അതെ.. “
“യോഗിയോടൊന്നു സംസാരിക്കണം.. “
നിങ്ങളാരാണ്?
ചിന്ത.. ചെന്നൈയിൽ നിന്നും.. ശരി അൽപനേരം കഴിഞ്ഞു വിളിക്കു.. ഒരു വെളുത്ത കടലാസ് കഷ്ണത്തിൽ കുറിപ്പ് അദ്ദേഹത്തിന്റെ കൈവശം എത്തി. Chintha from chennai.. want to talk to you.. അദ്ദേഹം ധ്യാനത്തിൽ നിന്നുണർന്നു… ആ കടലാസ് കഷ്ണത്തെ ധ്യാനലിങ്കേശ്വരനു മുകളിൽ വച്ചു കൊണ്ട് സൗമ്യമായി ഉച്ചരിച്ചു
കാളി.. മ്മ്.. നീണ്ട എട്ട് വർഷങ്ങൾ.. ശബ്ദത്തിനു ഇടർച്ച.. കാളി.. രാഘവ്… അവർക്കിടയിൽ മൗനം കേദാർനാഥന്റെ ക്ഷേത്രമുഖത്തെ മഞ്ഞു ഘനീഭവിച്ചതു പോലെ.. ഹര.. ഹര.. മഹാദേവ്… ആർത്തിരമ്പിയുള്ള രോദനം അപ്പുറത്ത് അദ്ദേഹത്തിന് കേൾക്കാമായിരുന്നു… ദേവഭൂമി വിളിക്കുന്നു കാളി… വരൂ.. ഫോൺ നിശബ്ദമായി.. വസ്ത്രങ്ങൾ, പുസ്തകങ്ങൾ..രുദ്രാക്ഷം.. എന്നിവ ബാഗിൽ നിറച്ചു.. എവിടേക്കാണ് ചിന്ത?
രഞ്ജിത്ത് മരിച്ചിട്ട് മാസങ്ങൾ പോലുമായിട്ടില്ല.. അതിനിടയിൽ സമചിത്തത ഇല്ലാത്ത നീ.. ചിത്തത്തിന്റെയും സമചിത്തത്തിന്റെയും മാനദണ്ഡം ആരാണ് തീരുമാനിക്കുന്നത്? എന്താണ്? ഞാൻ ഹരിദ്വാറിലേക്ക് പോകുന്നു. ഓഹ് തീർത്ഥയാത്ര നല്ലതാണ് മനസ്സിന്റെ ശാന്തതക്ക്.. തീർത്ഥം രുചിച്ചുള്ള, അല്ലെങ്കിൽ രുചിക്കാൻ വേണ്ടിയുള്ള യാത്ര..അല്ല.. ഇത്… രുദ്രപ്രയാഗിൽ തർപ്പണം ചെയ്യാം ഇ ശരീരത്തെ.. ആത്മാവ് മഹാകാലനെ ചേരട്ടെ… രാഘവേന്ദ്രക്ക് അറിയും എന്നേ.. അദ്ദേഹം ഞാൻ ആവശ്യപ്പെട്ടാൽ വേദനയില്ലാതെ മരണത്തെ പ്രാപിക്കാൻ എന്നേ സഹായിക്കുമെന്ന് ഉറപ്പിച്ച യാത്ര.
ഓം ത്രയംബകം യജമാഹിം സുഗന്തിമ്‌ പുഷ്ടി വർദ്ധനം
ഉർവാ രൂഹാമിവ ബന്ധനാഥ്
മൃതിയോർ മുക്ഷീയ മാ മൃതത് (മൃതിയുഞ്ജയ മന്ത്രം )
അവൾ ആ വാഹനത്തിന്റെ ജനാലകളിലെ കാർട്ടനുകൾ നീക്കികൊണ്ട് മഞ്ഞുമൂടിയ രുദ്രപ്രയാഗിന്റെ മലനിരകളെ നോക്കി.. വീണ്ടും ഇ ദേവ ഭൂമിയിൽ.. വർഷങ്ങൾക്ക് ശേഷം.. യോഗി മടത്തിലേക്കുള്ള അടുത്ത കൃഷിയിടത്തിൽ അവൾ ഇറങ്ങി.. എന്റെ മൗനങ്ങളുടെ കേദാരങ്ങളാൽ മഞ്ഞുരുകുന്ന ഭൂമിയിൽ നിരാലമ്പമായി ഞാൻ.. അവളാ കണ്ണുകളിലെ ഈറൻ നനവുകളെ ചുവന്ന മേൽ വസ്ത്രത്തിൽ ഒളിപ്പിച്ചു.. കൃഷിയിടങ്ങളെല്ലാം മാറ്റങ്ങൾക്ക് വിധേയമായിരുന്നു.. “ഓർഗാനിക് ഫാർമിംഗ് “എന്നാ ബോർഡ് എടുത്തു കാണിക്കുന്നുണ്ട്.. ആ മാറ്റം.. എല്ലാം മാറി ദേവഭൂമി പോലും.. എനിക്ക് മാത്രം മാറ്റങ്ങളെ ഉൾക്കൊള്ളാനാകാതെ… അവൾ നീണ്ട കാൽവയ്‌പ്പുകളോടെ നടന്നു. മഠം പൊളിച്ചു പണിതിരിക്കുന്നു.. പക്ഷെ നിശബ്ദത മാത്രം.. അകലെ അളകളുടെ ശബ്‌ദം അലയടിക്കുന്നു.. ശിവോഹം.. ഞാൻ ചിന്ത ചെന്നൈയിൽ നിന്നാണ്.. യോഗയെ കാണുവാൻ… അവളൾ പറഞ്ഞു തുടങ്ങും മുൻപേ.. ധ്യാന മണ്ഡപത്തിൽ കാത്തിരിക്കൂ അദ്ദേഹം വരും.. വലിയ യോഗ ഹാളിലേക്ക് അവളെ ആ പെൺകുട്ടി ആനയിച്ചു. പല കോണുകളിലായി പലരും ധ്യാനിക്കുന്നു.. പുസ്തകം വായിക്കുന്നു ചിലർ പാട്ട് കേൾക്കുന്നു.. ചിലർ കൂവള ദളങ്ങൾ നുള്ളുന്നു… അവിടെ ഒരു ഒഴിഞ്ഞ കോണിൽ അവൾ തന്റെ മേൽവസ്ത്രം വിരിച്ചു പദ്മാസനസ്ഥയായി. ഓരോ വേർപാടുകളും തരുന്ന വേദന അതിന്റെ ആക്കം ശാന്തമായി കണ്ണടക്കുമ്പോൾ രക്തം വാർന്നൊഴുകി ശരീരം എന്ന അഹത്തിന്റെ വാഹക മണ്ണടിയുംപോലെ… ലഘൂകരിക്കും. ഞാൻ.. ഞാൻ തന്നെ ആണ് ശിവം… ശിവോഹം.. ആരാണ് മറുപടി പറഞ്ഞത്.. രാഘവ് !!!!
നീണ്ട 8 വർഷങ്ങൾ.. ഒരു മാറ്റം പോലുമില്ലാതെ അദ്ദേഹം.. അവൾ ഇരുപാദങ്ങളെയും ചേർത്ത് ആലിംഗനം ചെയ്തു.. പ്രിയ തോഴാ.. ഞാൻ ശരണമ ടയുന്നു.. കാളി… അദ്ദേഹം അവൾക്കഭിമുഖമായിരുന്നു. എന്താണ് സംഭവിച്ചത്? കാളി നീ കാളിയാണ്, രുദ്ര രൂപി… പർവതിയുമല്ല, ഗംഗയുമല്ല.. ദ്രാവിഡന്റെ അമ്മദൈവത്തിനു കണ്ണുനീരോ? ഭൂമി ഭസ്മമാകും.. തുടക്കു.. രഞ്ജിത്ത്.. മ്മ്.. അദ്ദേഹം എന്നേ വിട്ടു പോയി.. മഹാകലാനിലേക്കാണ് തോഴി എല്ലാ പുഴകളും ഒഴുകുന്നത്.. നമുക്കതിൽ മുങ്ങി നിവരാൻ തരുന്ന കാലയളവാണ് ചെറു ഇടവേളകൾ.. അദ്ദേഹം ഒഴുകി.. ആത്മാവിന് ശാന്തി ലഭിക്കട്ടെ.. ഞാൻ സന്യാസിക്കട്ടെ രാഘവ്? എനിക്കീ ജീവിതം മടുത്തു..

തകരുന്ന ബന്ധങ്ങളെ ബന്ധനങ്ങൾ ആക്കാനോ, നഷ്ടങ്ങൾ നികത്താനോ, നഷ്ടബോധത്തിനു മറുമരുന്നോ അല്ല കാളി യോഗി ജീവിതം. അതൊരു സ്വയം സമർപ്പണമാണ്.

ആത്മാവിന്റെ നീറുന്ന കനൽകട്ടകളെ ഉള്ളുകൊണ്ടാവഹിച്ചു നിർത്തി നിയന്ത്രണത്തിന്റെ സംയമന ചരടിൽ മഹാകാലനെ ഇട്ടു വലിക്കു കാളി… കാളി എന്താണ് നിന്റെ കണ്ണുകൾ ചുവന്നിരിക്കുന്നത്? നിനക്ക് പനി ഉണ്ടോ? ഇല്ല, ഞാൻ ഇങ്ങനെ ആണ് രാഘവ്. അവൾ മിഴികൾ താഴ്ത്തികൊണ്ട് ഇരുന്നു. രുദ്രാക്ഷത്തിലേക്ക് ഒരിറ്റുകണ്ണുനീർ പതിച്ചു.. കാളി.. ഇന്ന് വൈകുന്നേരം അളകയിൽ ആരതി ഉണ്ട്. അതിനു ശേഷം “പ്രയാഗ് മുഖിൽ “വരൂ

സന്ധ്യയുടെ യൗവനത്തെ കടമെടുത്തു കൊണ്ട് രാവ് നിലാവ് പടർത്തിയ വേളയിൽ അളകയും മന്ദാകിനിയും സംഗമിക്കുന്ന ആ മുഖത്തു അവൾ പടികളിൽ ഇരുന്നു.. ദൂരെ രുദ്രപ്രയാഗ് ആരതിദീപങ്ങൾ അള കയിൽ പ്രതിഫലിച്ചു. അവൾ മൗനമായി അതിലേക്ക് കണ്ണയച്ചു. രാഘവ് :കാളി.. കാളി :ആഹ്, രാഘവ്.. ശുനകൻ അവളോട് ചേർന്നിരുന്നു വാലാട്ടി കൊണ്ട് അവളുടെ കൈയിൽ ഉരസി. ഇവൻ അറിയിച്ചു നിങ്ങൾ വരുന്നു എന്ന്. അദ്ദേഹം അവളുടെ പുറകിൽ നാല് പടികൾ മുകളിലായി ഇരുന്നു. രാഘവ് :കാളി.. ഇ പ്രയാഗ് മുഖ എന്ത് സുന്ദരമാണ് അല്ലെ? കാളി ഇതിൽ കുളിച്ചിട്ടുണ്ടോ? ചിന്ത :ഇല്ല രാഘവ്.. എന്തൊരു ശക്തമായ ഒഴുക്കാണ് ഇവിടെ.
രാഘവ് :കാളി പോയി മുങ്ങി നിവർന്നു വരൂ… അവൾ പടികൾ ഇറങ്ങി അളകയിൽ അവളുടെ മൃദുലമായ പാദങ്ങൾ സ്പർശിച്ചു. അതിന്റെ തണുപ്പ് അവളുടെ വിരലുകളിൽ നിമിഷങ്ങൾ കൊണ്ട് നേർത്ത വരകൾ സൃഷ്ടിച്ചു. രാഘവ് :മുങ്ങിനിവരു കാളി… ചിന്ത :എനിക്ക് നീന്താൻ അറിയില്ല രാഘവ്. രാഘവ് :മുങ്ങു കാളി.. ചിന്ത :തണുപ്പാണ് രാഘവ്.. ഞാൻ മരിച്ചുപോകും.. രാഘവ് :നീ മരിക്കാനല്ലേ വന്നത്?????? അവൾ ഞെട്ടിത്തിരിഞ്ഞു… അദ്ദേഹത്തിന്റെ കൈയിലെ തുളസിമാലയിൽ ജപിക്കുന്ന ചലിക്കുന്ന വിരലുകൾ മാത്രം കാണാമായിരുന്നു. ഞാൻ… ഞാൻ… അവൾ വിതുമ്പി… മുങ്ങു കാളി… രാഘവ് :രാവിലെ 3മണിക്ക് ഇവിടെ സ്നാനം ചെയ്തു ദീപാരാധന ചെയ്യുന്നവർ മരിക്കുന്നില്ലല്ലോ കാളി..? “ഭയം, ഭയമാണ് കാളി ലക്ഷ്യബോധത്തിൽ നിന്നോ ജീവിത സാർഥകതയിൽ നിന്നോ പിൻ തിരിപ്പിക്കുന്നത്. നിർഭയമായ ജീവിതം ലക്ഷ്യം കൈവരിക്കും”.
മുങ്ങു കാളി.. അവൾ പതുക്കെ പടവുകൾ ഇറങ്ങി ഒരുതവണ മുങ്ങി. തലനാരിഴകൾ പോലും വിറച്ചു… അത്രമേൽ തണുപ്പ് ഇരച്ചു കയറി അവൾ ശക്തമായ കൽവായ്പോടെ പടിയിൽ ഇരുന്നു. കാളി, കാളിക്കെന്താണ് വേണ്ടത്? അവൾ തിരിഞ്ഞു നോക്കി ആർത്തിരമ്പി കരഞ്ഞു… “കരയു കാളി… കരയുന്നത് അപമാനകരമായ ഒന്നല്ല. ജീവിത്തിന്റെ സത്യങ്ങളിലേക്കുള്ള കാൽവയ്പ്പാണ്. “നിന്റെ രോദനത്തിന്റെ ആരവങ്ങൾ അളകളുടെ ഓളങ്ങൾ അലതല്ലുമ്പോൾ ആരും കേൾക്കുന്നില്ല… കരയു കാളി… ചിന്ത :രാഘവ്… അച്ഛൻ.. അച്ഛനെന്നോടൊപ്പം ഉണ്ടായിരുന്നെങ്കിൽ… ശ്വാസം നിലക്കുംവണ്ണം അവളുടെ ശബ്ദം ഇടറി കണ്ഠം തീനാളമായി. വീണ്ടുമവൾ ശക്തിയായി ആഞ്ഞു മുങ്ങുവാൻ പടികളിറങ്ങിയപ്പോൾ.. ശുനകൻ അവളെ തടുക്കുവാൻ.. മുന്നോട്ടാഞ്ഞു.. രാഘവ് ശുനകന്റെ തലയിൽ മൃദുലമായി തലോടികൊണ്ട് പറഞ്ഞു.. “മരിക്കില്ല ” “ഭയക്കേണ്ട “.ദയനീയമായി പറഞ്ഞത് ഉൾകൊണ്ടാവണ്ണം അത് തന്റെ യജമാനനോട് വിനയം കാണിച്ചു. അവൾ ശക്തമായി മുങ്ങി നിവർന്നു.. വിരിച്ചു വച്ച ആ ചുവന്ന മേൽവസ്ത്രത്തിലേക്ക് മലർന്നു കിടന്നു കൊണ്ട് നിരാലംബയായ രോദനം മഹാകാലനു നൽകി..

നിലാവിന്റെ വെട്ടം മാഞ്ഞു ഇരുളിൽ അളകയുടെ ഓളങ്ങൾ ഇരമ്പി. കാളി.. ശുനകൻ അവളുടെ ശരീരമാകെ ഒന്നു മണം പിടിച്ചു.. ഇല്ല മരിച്ചിട്ടില്ല.. അവൻ മുഖമുയർത്തി രാഘവ്നെ നോക്കി… ശക്തമായ കാൽവയ്പുകളോടെ അയാൾ പടികൾ ഇറങ്ങി അവളെ എടുത്തു തോളിൽ തൂക്കികൊണ്ട് യോഗി മഠത്തിലേക്ക് നടന്നു.. പൊള്ളുന്ന പനിച്ചൂട് രാവ് വെളുപ്പിച്ചപ്പോഴും അവൾക്കരികെ ശുനകനുണ്ടായിരുന്നു..ആജ്ഞനുവർത്തി. അദ്ദേഹം മുറിയിലേക്ക് പ്രവേശിച്ചു.. “മനസ്സൊഴിഞ്ഞപ്പോൾ ഓർമ പോയി.. രാഘവ്.. ഇന്നലെ”.
രാഘവ് :സാരമില്ല.
ചിന്ത :ഞാൻ മടങ്ങിപോകുകയാണ് രാഘവ് നാളെ. രാഘവ് : പോകുന്നത് ഒരു ലക്ഷ്യത്തിലേക്കാകണം..
ജീവിതം ഒരു നിയോഗമാണ് കാളി.. അർത്ഥവത്തായി ജീവിക്കു.. ആരുണ്ടെങ്കിലും ഇല്ലെങ്കിലും.. ജീവിതം മുന്നോട്ട് തന്നെ പോകും. കാലമാണ് എല്ലാം. ഒരു മനുഷ്യൻ ഉള്ളുകൊണ്ട് എത്രയോ തവണ മരിക്കുന്നു എന്നിട്ടും ശരീരം കൊണ്ട് ജീവിക്കുന്നു.. പോരാടുന്നു.. എന്തെന്നാൽ ജീവിതം അതിനുള്ളതാണ് ഇവക്കു രണ്ടിനുമിടക്കുള്ള പോരാട്ടത്തിന്. കർമനിരതമാകുക.. അതാണ് മുക്തി. *
-കഥാവശേഷ